ലോകകപ്പില്‍ രാഹുലിനെ കളിപ്പിക്കുന്നത് ഇന്ത്യയെ കൂടുതല്‍ കരുത്തരാക്കും; പിന്തുണയുമായി മുന്‍ പാക് താരം

By Web TeamFirst Published May 20, 2021, 10:08 PM IST
Highlights

കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവര്‍ ഊഴം കാത്തിരിക്കുകയാണ്. ഇവരില്‍ ഒരാളായിരിക്കും രോഹിത്തിന് കൂട്ടായി എത്തുക. അത് ആരായിരിക്കുമെന്നുള്ളത് പ്രവചിക്കാനാവില്ല.

കറാച്ചി: വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഇന്ത്യ. അതിന് മുന്നോടിയായി ശ്രീലങ്കന്‍ പര്യടനത്തിന് ഒരു പുതിയ ടീമിനെ ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാന താരങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് ഫൈനലിനും പോകുന്ന സാഹചര്യത്തില്‍ തീര്‍ത്തും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിക്കുക. നിലവില്‍ ഓപ്പണര്‍മാരുടെ വലിയ നിര തന്നെ ഇന്ത്യന്‍ ടീമിലുണ്ട്. ഒരറ്റത്ത് രോഹിത് ശര്‍മ ഉണ്ടാവുമെന്ന് ഉറപ്പാണ്.

കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവര്‍ ഊഴം കാത്തിരിക്കുകയാണ്. ഇവരില്‍ ഒരാളായിരിക്കും രോഹിത്തിന് കൂട്ടായി എത്തുക. അത് ആരായിരിക്കുമെന്നുള്ളത് പ്രവചിക്കാനാവില്ല. എന്നാല്‍ മുന്‍ പാകിസ്ഥാന്‍ താരം സല്‍മാന്‍ ബട്ട് പറയുന്നത് രാഹുലിന്റെ പേരാണ്. അതിന് അദ്ദേഹത്തിന് കാരണവും നികത്തുന്നുണ്ട്. മുന്‍ പാക് ഓപ്പണറുടെ വിശദീകരണമിങ്ങനെ... ''വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്നുള്ളതാണ് രാഹുലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. ടീമിന് ബാലന്‍സ് നല്‍കാന്‍ രാഹുലിന് സാധിക്കും. താരം കളിച്ചാല്‍ ഒരു അധിക ബൗളറേയൊ ബാറ്റ്‌സ്മാനേയൊ ഉള്‍പ്പെടുത്താന്‍ ടീം ഇന്ത്യക്ക് കഴിയും. 

അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഓപ്പണര്‍ രാഹുലായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. രാഹുല്‍ മാത്രമല്ല, പൃഥ്വിയും കഴിവുള്ള താരമാണ്. എന്നാല്‍ സ്ഥിരയില്ലായ്മയാണ് താരത്തിന്റെ പ്രശ്‌നം. സ്ഥിരതയുള്ള താരങ്ങളെ ഉള്‍പ്പെടുത്താനാണ് എല്ലാ ടീമകളും ശ്രമിക്കുക. അതുകൊണ്ട് പൃഥ്വിയും ഇനിയും കാത്തിരിക്കേണ്ടി വരും.'' ബട്ട് വ്യക്തമാക്കി.

നിലവില്‍ വിശ്രമത്തിലാണ് രാഹുല്‍. അപ്പെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എങ്കിലും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ടീമില്‍ ഇടം നേടിയിട്ടുണ്ട് താരം.

click me!