Latest Videos

ഒത്തുകളിക്കാന്‍ പ്രേരിപ്പിച്ച കളിക്കാരന്റെ പേര് വെളിപ്പെടുത്തി പാക് താരം

By Web TeamFirst Published Jun 22, 2020, 10:50 PM IST
Highlights

സലീം പര്‍വേസ് വഴയിയായിരുന്നു വാതുവെപ്പുകാര്‍ കളിക്കാരെ സമീപിച്ചത്. എന്നെയും അദ്ദേഹം വഴിയാണ് സമീപിച്ചത് എന്നാല്‍ അന്ന് ഞാന്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തു.

കറാച്ചി: ഒത്തുകളിക്കായി പ്രേരിപ്പിച്ച കളിക്കാരന്റെ പേര് വെളിപ്പെടുത്തി മുന്‍ പാക് താരം അക്വിബ് ജാവേദ്. ഒത്തുകളിക്ക് കൂട്ടുനിന്നാല്‍ ആഡംബര കാറുകളും ലക്ഷക്കണക്കിന് രൂപയും പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നുവെന്ന് പാക്കിസ്ഥാനിലെ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്വിബ് ജാവേദ് പറഞ്ഞു.

മുന്‍ പാക് താരമായിരുന്ന സലീം പര്‍വേസ് ആയിരുന്നു തന്നെ വാതുവെപ്പുകാരുമായി ബന്ധപ്പെടാന്‍ പ്രേരിപ്പിച്ചതെന്ന് അക്വിബ് ജാവേദ് പറഞ്ഞു. ഒത്തുകളിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭിഷണിയുണ്ടായിരുന്നു. ഒത്തുകളിക്കാന്‍ കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ 1998ല്‍ 25-ാം വയസില്‍ തനിക്ക് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നുവെന്നും അക്വിബ് ജാവേദ് പറഞ്ഞു.

സലീം പര്‍വേസ് വഴയിയായിരുന്നു വാതുവെപ്പുകാര്‍ കളിക്കാരെ സമീപിച്ചത്. എന്നെയും അദ്ദേഹം വഴിയാണ് സമീപിച്ചത് എന്നാല്‍ അന്ന് ഞാന്‍ ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തു. പണം വാങ്ങി രാജ്യത്തെ ഒറ്റുകൊടുക്കാന്‍ ഞാന്‍ തയാറായില്ല. അതെന്റെ കരിയറിന്റെ ദൈര്‍ഘ്യം കുറച്ചുവെന്നതില്‍ എനിക്കിപ്പോഴും ദു:ഖമില്ല. കാരണം എനിക്കെന്റെ മൂല്യങ്ങളില്‍ വിശ്വാസമുണ്ടായിരുന്നു.

വാതുവെപ്പിന് കൂട്ടുനില്‍ക്കത്തതിന്റെ പേരില്‍ എന്നെ വിദേശപരമ്പരകളില്‍ നിന്ന് തഴയാന്‍ തുടങ്ങിയെന്നും അക്വിബ് ജാവേദ് പറഞ്ഞു. പാക്കിസ്ഥാന് വേണ്ടി 22 ടെസ്റ്റുകളിലും 162 ഏകദിനങ്ങളിലും കളിച്ചിട്ടുള്ള താരമാണ് അക്വിബ് ജാവേദ്. ടെസ്റ്റില്‍ 54 വിക്കറ്റും ഏകദിനത്തില്‍ 182 വിക്കറ്റുകളും വീഴ്ത്തി.

click me!