സച്ചിന്‍ പുറത്താവരുതേ എന്ന് എപ്പോഴും മനസുകൊണ്ട് ആഗ്രഹിച്ചിരുന്നുവെന്ന് മുന്‍ പാക് താരം

By Web TeamFirst Published May 13, 2020, 12:12 PM IST
Highlights

ബ്രയാന്‍ ലാറയോ, റിക്കി പോണ്ടിംഗോ, ജാക് കാലിസോ ക്രീസില്‍ ആരുമാകട്ടെ, അവരെല്ലാം പുറത്താകണമെന്നാണ് വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാനെപ്പോഴും ആഗ്രഹിക്കാറുള്ളത്. പക്ഷെ സച്ചിന്റെ കാര്യം അങ്ങനെയല്ല.

കറാച്ചി: ക്രിക്കറ്റിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ രണ്ട് പതിറ്റാണ്ടോളം ശ്രദ്ധാകേന്ദ്രം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു. ഒറ്റയാള്‍ പോരാട്ടങ്ങളിലൂടെ നിരവധിതവണ പാക്കിസ്ഥാനെതിരെ  ഇന്ത്യക്ക് വിജയം സമ്മാനിച്ചിട്ടുള്ള താരമാണ് സച്ചിന്‍. 2003ലെ ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലെ സച്ചിന്റെ ഇന്നിംഗ്സ് ഇപ്പോഴും ആരാധകരുടെ മനസിലെ നിറമുള്ള ഓര്‍മയാണ്. എന്നാല്‍ സച്ചിനെ പുറത്താക്കാന്‍ പാക് ക്യാപ്റ്റനും ബൗളര്‍മാരും പല തന്ത്രങ്ങളും പയറ്റുമ്പോഴും സച്ചിന്‍ പുറത്താവരുതെ എന്ന് മനസുകൊണ്ട് ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. യുട്യൂബ് ചാനലിലാണ് ലത്തീഫിന്റെ തുറന്നുപറച്ചില്‍.

ഞാന്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ നിരവധി താരങ്ങള്‍ എന്റെ മുന്നില്‍ വന്ന് ബാറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരേയൊരാള്‍ വരുമ്പോള്‍ മാത്രമാണ് എന്റെ മനസ് അദ്ദേഹം പുറത്താവരുതെ എന്ന് ആഗ്രഹിച്ചിട്ടുള്ളത്. അത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്.  കാരണം വിക്കറ്റിന് പിന്നില്‍ നിന്ന് സച്ചിന്റെ ബാറ്റിംഗ് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ടിവിയില്‍ കണ്ടിട്ടല്ല, വിക്കറ്റിന് പിന്നില്‍ നിന്നാണ് താന്‍ ശരിക്കും സച്ചിന്റെ ബാറ്റിംഗ് ആസ്വദിച്ചതെന്നും ലത്തീഫ് പറഞ്ഞു.

ബ്രയാന്‍ ലാറയോ, റിക്കി പോണ്ടിംഗോ, ജാക് കാലിസോ ക്രീസില്‍ ആരുമാകട്ടെ, അവരെല്ലാം പുറത്താകണമെന്നാണ് വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഞാനെപ്പോഴും ആഗ്രഹിക്കാറുള്ളത്. പക്ഷെ സച്ചിന്റെ കാര്യം അങ്ങനെയല്ല. വിക്കറ്റിന് പിന്നില്‍ നിന്ന് പ്രകോപിപ്പിക്കാനായി ഞാനെന്തെങ്കിലും വിളിച്ചു പറഞ്ഞാലും സച്ചിന്‍ തിരിച്ചൊന്നും പറയില്ല. ഒരു ചെറിയ ചിരി മാത്രം. മറ്റാരാണെങ്കിലും അപ്പോള്‍ പ്രതികരിക്കും. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സച്ചിനോ അസ്ഹറോ അങ്ങനെയായിരുന്നില്ല. അവരെ പ്രകോപിപ്പിച്ചതില്‍ നമുക്ക് തന്നെ കുറ്റബോധം തോന്നുന്ന രീതിയിലാണ് പിന്നീടുള്ള അവരുടെ പെരുമാറ്റം.

Also Read: കോലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടിയുമായി ഡിവില്ലിയേഴ്സ്

അതുകൊണ്ടാണ് എല്ലാവരും സച്ചിനെ ഇത്രമാത്രം ആരാധിക്കുന്നത്. പ്രത്യേകിച്ച് വിക്കറ്റ് കീപ്പര്‍മാര്‍. സച്ചിന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് സെഞ്ചുറി അടിക്കുമായിരിക്കും. പക്ഷെ അദ്ദേഹം മോശമായി ഒരു വാക്കുപോലും എതിരാളികളോട് പറയില്ല. വിക്കറ്റിന് പിന്നില്‍ നിന്ന് എത്ര പ്രകോപിപ്പിച്ചാലും അതൊന്നും സച്ചിനെ ബാധിക്കുകയേ ഇല്ല. മത്സരം കളിക്കുന്നു പോകുന്നു. ഗ്രൗണ്ടിലെ നിങ്ങളുടെ പെരുമാറ്റം എങ്ങനെയായിരുന്നു എന്നതായിരിക്കും ഒരുപക്ഷെ മത്സരത്തിന്റെ അവസാനം ആരാധകര്‍ ഓര്‍ക്കുന്നത്. ഗ്രൗണ്ടിലെ മാന്യന്‍മാരില്‍ ഏറ്റവും മുന്‍പന്തിയിലാണ് സച്ചിന്റെ സ്ഥാനമെന്നും ഇത്തരം താരങ്ങള്‍ എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുമെന്നും ലത്തീഫ് പറഞ്ഞു.

click me!