കോലി അംഗവിക്ഷേപം കാണിച്ച് പരിഹസിച്ചു; നോട്ട്ബുക്ക് ആഘോഷത്തിന് ശേഷം സംഭവിച്ചത് വിശദമാക്കി കെസറിക് വില്യംസ്

By Web TeamFirst Published May 12, 2020, 10:36 PM IST
Highlights

ആഘോഷത്തിന് പിന്നിലെ കാരണക്കാരനും വിന്‍ഡീസ് താരം തന്നെയായിരുന്നു. 2017ല്‍ വെസ്റ്റിന്‍ഡീസില്‍വച്ച് തന്നെ പുറത്താക്കിയപ്പോള്‍ വില്യംസ് ഇതേ രീതിയില്‍ ആഘോഷിച്ചതിനുള്ള തിരിച്ചടിയാണ് കോലി നല്‍കിയത്. 

മുംബൈ: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വീന്‍ഡീസ് പേസര്‍ കെസറിക് വില്യംസും നേര്‍ക്കുനേര്‍ വന്നത് ക്രിക്കറ്റ് ലോകം മറന്നുകാണില്ല. ഹൈദരാബാദില്‍ നടന്ന ടി20യില്‍ വില്യംസിന്റെ പന്തുകള്‍ കണക്കറ്റ് പ്രഹരിച്ച ശേഷമാണ് കോലി നോട്ട്്ബുക്കില്‍ കുറിച്ചിടുന്നതുപോലെ ആഘോഷം നടത്തിയത്. ഇത്തരമൊരു ആ ഇതിന്റെ പിന്നിലെ കാരണക്കാരനും വിന്‍ഡീസ് താരം തന്നെയായിരുന്നു. 2017ല്‍ വെസ്റ്റിന്‍ഡീസില്‍വച്ച് തന്നെ പുറത്താക്കിയപ്പോള്‍ വില്യംസ് ഇതേ രീതിയില്‍ ആഘോഷിച്ചതിനുള്ള തിരിച്ചടിയാണ് കോലി നല്‍കിയത്. 

ഇപ്പോള്‍ ആ ആഘോഷത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് വിന്‍ഡീസ് താരം. എനിക്ക് വളരെയധികം ഇഷ്ടമുള്ള ആഘോഷമെന്ന നിലയ്ക്കാണ് ആദ്യത്തെ നോട്ട്ബുക്ക് ആഘോഷം നടത്തിയതെന്നണ് വില്യംസ് പറയുന്നത്. വിന്‍ഡീസ് പേസര്‍ തുടര്‍ന്നു... ''ആരാധകരെ സന്തോഷിപ്പിക്കാനാണ് അന്ന് ഞാന്‍ ആദ്യ ആഘോഷം നടത്തിയത്. മത്സരശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ കോലി എന്റെ ബൗളിങ്ങിനെ അഭനന്ദിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ആഘോഷത്തിന്റെ നീരസം കോലിയുടെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹം ഇക്കാര്യം മനസില്‍ വെയ്ക്കുമെന്ന് കരുതിയിരുന്നില്ല. 

അതിന്റെ ബാക്കിയാണ് ഹൈദരാബാദില്‍ സംഭവിച്ചത്. മത്സരത്തിനിടെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു നോട്ട്ബുക്ക് ആഘോഷം ഇന്ന് നടക്കാന്‍ പോകുന്നില്ലെന്ന്.  രണ്ടു വര്‍ഷം മുന്‍പു നടന്ന സംഭവം ഇപ്പോഴും കോലി ഓര്‍ത്തുവച്ചതില്‍ തനിക്ക് അത്്ഭുതം തോന്നി. ഞാന്‍ ഓരോ പന്തെറിയുമ്പോവും കോലി എന്നൊട് എന്തൊക്കെയോ പിറുപിറുത്തു. ''സഹോദരാ... മിണ്ടാതെ ബാറ്റ് ചെയ്യൂ. കുട്ടികളേക്കാളും കഷ്ടമാകരുത്.'' എന്ന് ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. എന്നാല്‍ കോലി കേട്ടത് വായടച്ച് ബാറ്റ് ചെയ്യൂവെന്ന് മാത്രമാണ്. ഇതോടെ കോലി കൂടുതല്‍ ക്രുദ്ധനായി. കോലിയുടെ ബാറ്റിന്റെ ചൂട് ഞാനറിഞ്ഞു. എനിക്കെന്റെ നിയന്ത്രണം നഷ്ടമായി. എന്റെ പ്രകടനത്തെ ബാധിച്ചു. പിന്നീട് നടന്നത് നിങ്ങള്‍ കണ്ടതാണ്. 

അടുത്ത ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വച്ച് കോലി എന്നെ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ അതിലേറെ വിഷമം വന്നത് ഇന്ത്യന്‍ പത്രങ്ങള്‍ കണ്ടപ്പോഴാണ്. എന്നാല്‍ ആ വാശി തിരുവന്തപുരത്ത് നടന്ന അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചു. സാഹചര്യങ്ങള്‍ മോശമാകുമ്പോഴാണ് എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രചോദനം നല്‍കുക.'' താരം പറഞ്ഞുനിര്‍ത്തി.

click me!