കോലിയോളം വരില്ല ബാബര്‍ അസം; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി മുന്‍ പാക് താരം

By Web TeamFirst Published May 14, 2020, 11:07 AM IST
Highlights

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റും പരിഗണിച്ചാല്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോലിയാണ് മികച്ചതാരമെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസഫ്.

കറാച്ചി: ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റും പരിഗണിച്ചാല്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോലിയാണ് മികച്ചതാരമെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസഫ്. അതുകൊണ്ടുതന്നെ കോലിയും പാകിസ്ഥാന്‍ താരം ബാബര്‍ അസവും തമ്മിലുള്ള താരതമ്യം അനാവശ്യമാണെന്ന് യൂസഫ് വ്യക്തമാക്കി.

സ്പോര്‍ട്സ് സ്റ്റാറിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''ലോക ക്രിക്കറ്റില്‍ രോഹിത് ശര്‍മ, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങി ഒരുപിടി മികച്ച ബാറ്റ്സ്മാന്‍മാരുണ്ട്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളും കൂടി പരിഗണിച്ചാല്‍ കോലിയാണ് ഏറ്റവും കേമന്‍. 

കോലിക്കൊപ്പമോ, ഭാവിയില്‍ അതിനു മുകളിലോയെത്താന്‍ ശേഷിയുള്ള ബാറ്റ്സ്മാനെന്നാണ് അസം ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ കോലിയുമായി ബാബറിനെ ഇപ്പോള്‍ താരതമ്യം ചെയ്യുന്നതിനോടു താന്‍ യോജിക്കുന്നില്ല.  

അവിശ്വസനീയമായാണ് കോലിയുടെ ബാറ്റിങ്. സമ്മര്‍ദ്ദ ഘട്ടങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് അദ്ദേഹം സെഞ്ച്വറികള്‍ നേടിക്കൊണ്ടിരിക്കുകയാണ്. മറ്റൊരാള്‍ക്കും കോലിയെപ്പോലെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് താന്‍ കരുതുന്നില്ല. കോലി അസമിനേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ അനുഭവസമ്പത്തുമുള്ള താരവുമാണ്. 

2008-09 മുതല്‍ കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ്. അസം ചെറുപ്പമാണ്. അതുകൊണ്ടുതന്നെ താരതമ്യം ചെയ്യാനുള്ള സമയമല്ല ഇത്. നിലവില്‍ കോലിയാണ് ഒന്നാമന്‍.'' യൂസുഫ് പറഞ്ഞുനിര്‍ത്തി.

click me!