യഥാര്‍ത്ഥ സൂപ്പര്‍താരം! വൈഭവ് സൂര്യവന്‍ഷിയെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

Published : Apr 09, 2026, 10:21 PM IST
Vaibhav Suryavanshi

Synopsis

രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരനായ വൈഭവ് സൂര്യവന്‍ഷി, ജസ്പ്രീത് ബുംറയെ നേരിട്ട ആദ്യ പന്തില്‍ സിക്‌സറടിച്ച് ശ്രദ്ധ നേടി. 

മുംബൈ: ഐപിഎല്‍ 2026ലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരന്‍ താരം വൈഭവ് സൂര്യവന്‍ഷി. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളറായ ജസ്പ്രീത് ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് ഈ ബാലതാരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത് വൈഭവിനെ 'യഥാര്‍ത്ഥ സൂപ്പര്‍താരം' എന്നാണ് വിശേഷിപ്പിച്ചത്. തന്റെ ബ്ലോഗിലൂടെയാണ് സ്മിത്ത് താരത്തെ പ്രശംസിച്ചത്. ''രോഹിത് ശര്‍മ്മയെയും വിരാട് കോലിയെയും പോലുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനം കാണുന്നത് എപ്പോഴും താല്‍പ്പര്യമുള്ള കാര്യമാണ്. എന്നാല്‍ ഈ സീസണിന്റെ ആദ്യ ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ട താരം രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷിയാണ്. ആദ്യ പന്ത് മുതല്‍ പവര്‍ ഹിറ്റിംഗ് നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. ഈ ടൂര്‍ണമെന്റ് കഴിയുമ്പോഴേക്ക് അവന്‍ ഒരു വലിയ സൂപ്പര്‍താരമായി മാറും.' സ്മിത്ത് പറഞ്ഞു.

2008-ലെ ആദ്യ ഐ.പി.എല്‍ കിരീടം നേടിയ രാജസ്ഥാന്‍ ടീമില്‍ അംഗമായിരുന്ന സ്മിത്ത്, ഐപിഎല്‍ ആഗോള ക്രിക്കറ്റിനെ മാറ്റിമറിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

അമ്പരന്ന് അനില്‍ കുംബ്ലെ

ബുംറയെപ്പോലൊരു ലോകോത്തര ബൗളറെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിക്കാന്‍ വൈഭവ് കാണിച്ച ആത്മവിശ്വാസത്തെ മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെയും പ്രശംസിച്ചു. മഴ നിയമപ്രകാരം ഓവറുകള്‍ വെട്ടിക്കുറച്ച മത്സരത്തില്‍ വെറും 14 പന്തില്‍ നിന്ന് 39 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. ഒരേ ഓവറില്‍ തന്നെ രണ്ട് തവണയാണ് താരം ബുംറയെ സിക്‌സറിന് പറത്തിയത്.

മുംബൈ ഇന്ത്യന്‍സിനെതിരെ 27 റണ്‍സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് നിരയിലെ ഏറ്റവും കരുത്തനായ സാന്നിധ്യമായി വൈഭവ് മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റിലെ വരും മത്സരങ്ങളിലും ഈ 15-കാരന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ലക്ൗവിന് 182 റണ്‍സ് വിജയലക്ഷ്യം; മറുപടി ബാറ്റിംഗില്‍ രണ്ട് വിക്കറ്റ് നഷ്ടം
അനന്തപത്മനാഭന് തെറ്റി, ഐപിഎല്ലില്‍ വീണ്ടും അമ്പയറിംഗ് പിഴവ്; ഔട്ടല്ലെന്ന് വ്യക്തമായിട്ടും ഫിന്‍ അലനെ മടക്കി അയച്ചു