Latest Videos

മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

By Web TeamFirst Published Feb 23, 2021, 9:14 PM IST
Highlights

ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. ബംഗാള്‍ ടീം അംഗമായ തിവാരി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്‍റ്സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജി നയിക്കുന്ന റാലി നാളെ ഹുഗ്ലി ജില്ലയിലെത്തുമ്പോഴായിരിക്കും തിവാരി ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമാകുക. തിവാരിക്ക് പുറമെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഏതാനും നേതാക്കളും തൃണമൂലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലി നടന്ന അതേ വേദിയിലാണ് മമതയുടെയും റാലി. ഇന്ത്യക്കായി 12 ഏകദിനങ്ങളിലും മൂന്ന് ടി20യിലും കളിച്ചിട്ടുള്ള താരമാണ് തിവാരി. ബംഗാള്‍ ടീം അംഗമായ തിവാരി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്‍റ്സ് ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

തൃണമൂലിന്‍റെ ഹൗറ ജില്ല പ്രസിഡന്‍റും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ലക്ഷ്മിരത്തന്‍ ശുക്ല അടുത്തിടെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചിരുന്നു. ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാഷ്ട്രീയം വിടുന്നതെന്ന് ശുക്ല വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിന്‍റെ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്ന പ്രശാന്ത് കിഷോറിന്‍റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി മനോജ് തിവാരിയുമായി ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

ഇതിനുശേഷൺ തിവാരി മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തിവാരിയെ മത്സരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ലക്ഷ്മിരത്തന്‍ ശുക്ലയുടെ മണ്ഡലമായ ഹൗറക്ക് പകരം മറ്റൊരു മണ്ഡലമായിരിക്കും തിവാരിക്കായി പാര്‍ട്ടി കണ്ടുവെച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!