
കറാച്ചി: ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയറായിരുന്ന പാക്കിസ്ഥാന്‍റെ ആസാദ് റൗഫ്(Asad Rauf) ഇന്ന് തുണിക്കട ഉടമ. 2000 മുതല്‍ 2013വരെ നീണ്ട അമ്പയറിംഗ് കരിയറില്‍ 98 ഏകദിനങ്ങളിലും 23 ടി20 മത്സരങ്ങളിലും 49 ടെസ്റ്റ് മത്സരങ്ങളിലും അമ്പയറായിരുന്നു ആസാദ് റൗഫ്. എന്നാല്‍ 2013ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഒത്തുകളി ആരോപണങ്ങളും പിന്നാലെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളെയും തുടര്‍ന്ന് റൗഫിനെ ഐസിസി വിലക്കി.
ഇന്ന് ക്രിക്കറ്റിന്‍റെ ലോകത്തുനിന്നെല്ലാം അകന്ന് ലാഹോറിലുള്ള ലാന്ദാ ബസാറില്‍, വസ്ത്രങ്ങളും ഷൂവും വില്‍ക്കുന്ന കട നടത്തുകയാണ് ആസാദ് റൗഫ്. 2013നുശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ റൗഫ് പാക്‌ടിവി ഡോട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാനൊരു കാര്യം ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ ഉപേക്ഷിച്ചതാണ്. അതുകൊണ്ടുതന്നെ 2013നുശേഷം ക്രിക്കറ്റില്‍ എന്തു നടക്കുന്നു എന്ന് ശ്രദ്ധിക്കാറേ ഇല്ലെന്നും റൗഫ് പറഞ്ഞു.
ഒത്തുകളി ആരോപണത്തിലും സംശയാസ്പദ വ്യക്തിത്വമുള്ളവരില്‍ നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങി എന്ന കുറ്റത്തിനും 2016ലാണ് ഐസിസിസ റൗഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തിന് പിന്നില്‍ ബിസിസിഐ ആണെന്നും തനിക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും റൗഫ് പറഞ്ഞു.
2012ല്‍ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലും റൗഫ് ആരോപണവിധേയനായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി റൗഫ് പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണത്തിന് 10 വര്‍ഷങ്ങള്‍ക്കുശേഷം റൗഫ് നല്‍കുന്ന മറുപടി ഇതാണ്. യുവതിയില്‍ നിന്ന് ആരോപണം ഉയര്‍ന്നിട്ടും 2013ലെ ഐപിഎല്ലില്‍ ഞാന്‍ അമ്പയറായിരുന്നിട്ടുണ്ട്. കളിക്കാരും അവരുടെ ഭാര്യമാരുമെല്ലാം എന്നോടൊപ്പം സമയം ചെലവിടുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്. പലപ്പോഴും കളിക്കാരുടെ ഭാര്യമാര്‍ എനിക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി പറഞ്ഞിട്ടുണ്ടെന്നും റൗഫ് പറഞ്ഞു.
റൗഫിന്‍റെ തുണിക്കട
പാക്കിസ്ഥാനില്‍ തുണിയും പാദരക്ഷകളുമെല്ലാം വില കുറച്ചു കിട്ടുന്ന ഇടമാണ് ലാഹോറിലെ പ്രശസ്തമായ ലാന്ദാ ബസാര്‍. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ക്കും ഇവിടെ പേരുകേട്ടതാണ്. തന്‍റ ഉപജീവനത്തിനായി മാത്രമല്ല ഇവിടെയുള്ള ജീവനക്കാര്‍ക്കുവേണ്ടി കൂടിയാണ് കട നടത്തുന്നതെന്ന് റൗഫ് പറഞ്ഞു. എനിക്ക് ആര്‍ത്തിയില്ല. ഞാന്‍ പണം ഒരുപാട് കണ്ടതാണ്, ലോകവും. എന്‍റെ ഒരു മകന്‍ ഭിന്നശേഷിക്കാരനാണ്. മറ്റൊരു മകന്‍ അമേരിക്കയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി മടങ്ങിവന്നതേയുള്ളു.
തുടങ്ങിവെച്ച കാര്യങ്ങളെല്ലാം ഉന്നതിയില്‍ എത്തിക്കുന്നത് എന്‍റെ ശീലമാണ്. ക്രിക്കറ്റിലായാലും കച്ചവടത്തിലായാലും താന്‍ അങ്ങനെ തന്നെയാണെന്നും റൗഫ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!