തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇല്ലെങ്കില്‍ നിങ്ങള്‍ ബ്രാഡ്മാനോ, സോബേഴ്സോ, സച്ചിനോ ഗവാസ്കറോ ആരുമാകട്ടെ, ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികമാണ്.

ദില്ലി: ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ മോശം ഫോമിനെക്കുറിച്ച് ആരാധകരും വിദഗ്ദരുമെല്ലാം ചര്‍ച്ചകള്‍ നടത്തുമ്പോഴും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോമിനെക്കുറിച്ച് ആരും അധികം പറയാറില്ല. കഴഞ്ഞ ഐപിഎല്ലില്‍ ഒറ്റ അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്ന രോഹിത്തിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിലും തിളങ്ങാനായിരുന്നില്ല. ഇതിന് പിന്നാലെ രോഹിതിന്‍റെ മോശം ഫോമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

രോഹിത് അസാമാന്യ മികവുള്ള കളിക്കാരനാണ്. അതില്‍ സംശയമൊന്നുമില്ല. പക്ഷെ, തുടര്‍ച്ചയായി 14 മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ചുറി പോലും ഇല്ലെങ്കില്‍ നിങ്ങള്‍ ബ്രാഡ്മാനോ, സോബേഴ്സോ, സച്ചിനോ ഗവാസ്കറോ ആരുമാകട്ടെ, ചോദ്യങ്ങള്‍ ഉയരുക സ്വാഭാവികമാണ്. അതിന് ഉത്തരം നല്‍കാന്‍ രോഹിത് ശര്‍മക്ക് മാത്രമെ കഴിയൂ. ഒരുപാട് മത്സരങ്ങളില്‍ കളിക്കുന്നതുകൊണ്ടാണോ അതോ ക്രിക്കറ്റ് ആസ്വദിക്കാന്‍ പറ്റാത്തതുകൊണ്ടാണോ എന്ന് രോഹിത് തന്നെയാണ് മറുപടി നല്‍കേണ്ടതെന്നും കപില്‍ ടോക് ഷോയില്‍ പറഞ്ഞു.

'മികച്ച പ്രകടനം വേണം, ആളുകള്‍ മിണ്ടാതിരിക്കുമെന്ന് കരുതരുത്'; വിരാട് കോലിക്ക് കപിലിന്റെ മുന്നറിയിപ്പ്

രോഹിത്തിനെയും വിരാട് കോലിയെയും പോലെയുള്ള കളിക്കാര്‍ അവരുടെ കളി ആസ്വദിച്ച് കളിക്കണം. അത് വളരെ പ്രധാനമാണ്. ഇതേ ഫോം തുടര്‍ന്നാല്‍ കോലിക്കും രോഹിത്തിനുമെല്ലാം വിമര്‍ശകരുടെ വായടപ്പിക്കാന്‍ ബുദ്ധിമുട്ടാവും. ഫോമിലേക്ക് തിരിച്ചത്തണമെങ്കില്‍ മത്സരങ്ങളില്‍ കളിക്കണം. അല്ലാതെ വലിയ താരമാണെന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. അങ്ങനെയിരുന്നാല്‍ ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരങ്ങള്‍ കുറയും. 14 മത്സരങ്ങള്‍ക്കുശേഷം ഇനി എത്ര മത്സരം വേണ്ടിവരും ഫോമിലാവാന്‍.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിത്തിന് വിശ്രമം കൊടുത്തത് എന്തിനാണെന്ന് മനസിലാവുന്നില്ല. ഒഴിവാക്കിയതാണെങ്കില്‍ പിന്നെ എങ്ങനെയാണ് അവര്‍ക്ക് വീണ്ടും അവസരം ലഭിക്കുന്നത്. അവര്‍ പറഞ്ഞിട്ടാണോ ഒഴിവാക്കിയത്. അതോ, സെലക്ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു എന്നൊന്നും എനിക്കറിയില്ല. രോഹിത്തും കോലിയുമെല്ലാം അവരുടെ ചിന്താഗതി മാറ്റേണ്ടിയിരിക്കുന്നു. ഞാന്‍ പറയുന്നതൊക്കെ ഇവര്‍ തെറ്റാണെന്ന് തെളിയിക്കുന്നതില്‍ സന്തോഷമേയുള്ളു. ഒന്നുകില്‍ മത്സരങ്ങളുടെ ആധിക്യം, അല്ലെങ്കില്‍ മത്സരങ്ങളുടെ കുറവ്, ഇതിലേതെങ്കിലും ഒന്നാണ് ഇരുവരെയും ബാധിക്കുന്നത്.

റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിംഗ് അനുകരിക്കാന്‍ ശ്രമിച്ച് കോലി, ഒടുവില്‍ സംഭവിച്ചത്-വീഡിയോ

മോശം പ്രകടനം തുടര്‍ന്നാല്‍ വിമര്‍ശനവും തുടരുമെന്ന് മറക്കരുത്. വിരാട് കോലിയുടെ കാര്യമെടുക്കു. അയാള്‍ നമുക്കെല്ലാം ഹീറോ ആയിരുന്നു. ദ്രാവിഡിനും ഗവാസ്കര്‍ക്കും സച്ചിനുമെല്ലാം പകരം വെക്കാവുന്ന ഒരു കളിക്കാരനുണ്ടാകുമോ എന്ന് നമ്മള്‍ ചിന്തിച്ചിരുന്നു. അപ്പോഴാമ് കോലിയുടെ വരവ്. എന്നാല്‍ ഇപ്പോഴോ, ഇവരോടൊന്നും കോലിയെ താരതമ്യം ചെയ്യുന്നതുപോലുമില്ലെന്നും കപില്‍ പറഞ്ഞു.