സിഎസ്‌കെ വിടാന്‍ രവീന്ദ്ര ജഡേജ, അടുത്ത പാളയം മുംബൈ ഇന്ത്യൻസ്? മറ്റ് ചില ടീമുകള്‍ക്കും സാധ്യത

By Jomit JoseFirst Published Aug 19, 2022, 3:06 PM IST
Highlights

ജഡേജയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് ടീമുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

ചെന്നൈ: ഓള്‍റൗണ്ടറും മുന്‍ നായകനുമായ രവീന്ദ്ര ജഡേജ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായുള്ള ബന്ധം ഏതാണ്ട് അവസാനിപ്പിച്ചതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ക്യാപ്റ്റന്‍സി നഷ്‌ടമായതും ചെന്നൈയ്‌ക്കൊപ്പമുള്ള എല്ലാ ഫോട്ടോയും ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ജഡേജ നീക്കം ചെയ്തതും നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ വ‍ര്‍ധിപ്പിച്ചിരുന്നു. ഇതോടെ ജഡേജ ഇനിയെങ്ങോട്ട് എന്ന ചോദ്യമാണ് ആരാധകര്‍ക്ക്. ജഡേജയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് ടീമുകള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. 

മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ സീസണിലെ നാണക്കേട് പരിഹരിക്കാന്‍ ടീമിനെ ഉടച്ചുവാര്‍ക്കാനും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വരും സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സ് ശ്രമിച്ചേക്കും. ടീമിന്‍റെ വിശ്വസ്‌ത ഓള്‍റൗണ്ടറായിരുന്ന കീറോണ്‍ പൊള്ളാര്‍ഡ് നിറംമങ്ങിയതോടെ പകരക്കാരനായി ടീം ജഡേജയെ കണ്ടാല്‍ അത്ഭുതപ്പെടാനില്ല. ബാറ്റും ബോളും കൊണ്ട് അത്ഭുതം കാട്ടാനുള്ള കരുത്ത് തനിക്കുണ്ടെന്ന് ജഡേജ തെളിയിച്ചതാണ്. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രവീന്ദ്ര ജഡേജയെ സ്വന്തമാക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. കഴിഞ്ഞ സീസണില്‍ ഫിനിഷറായി ദിനേശ് കാര്‍ത്തിക്കിനെ ഏറെ ആശ്രയിച്ച ടീമിന് ജഡേജയുടെ വരവ് ആശ്വാസം നല്‍കും. കന്നി ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം ആര്‍സിബിക്ക് സാക്ഷാല്‍ക്കരിക്കാന്‍ പരിചയസമ്പന്നനായ ജഡ്ഡു എത്തിയാല്‍ അത്ഭുതപ്പെടാനില്ല. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌പിന്നിന് അനുകൂലമാണ് എന്നതും പരിഗണിക്കപ്പെട്ടേക്കാം. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ നിറംമങ്ങിയ മറ്റൊരു ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ തുടരാന്‍ സാധ്യതയുള്ള ടീമിന്‍റെ ഓള്‍റൗണ്ടര്‍ കരുത്ത് കൂട്ടാന്‍ ജഡേജയ്‌ക്കാവും. ആന്ദ്രേ റസലിന് കൂട്ടാവുന്നതിനൊപ്പം കെകെആറിന്‍റെ മൂന്നാം കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള പദ്ധതികളിലും ജഡ്ഡുവിന്‍റെ പേര് ചിലപ്പോള്‍ കണ്ടേക്കാം. 

പഞ്ചാബ് കിംഗ്‌സ്

പുതിയ സീസണില്‍ പുതിയ പരിശീലകന് കീഴിലാവും പ‍ഞ്ചാബ് കിംഗ്‌സ് ഇറങ്ങുക എന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. അനില്‍ കുംബ്ലെ പോകുന്നതിനൊപ്പം ചില വമ്പന്‍ താരങ്ങളും ടീമിലേക്ക് വരാന്‍ സാധ്യതയുണ്ട്. യുവതാരങ്ങള്‍ ഏറെയുള്ള ടീമില്‍ ജഡേജയെ പോലൊരു പരിചയസമ്പന്നന്‍റെ സാന്നിധ്യം ഗുണം ചെയ്യും. ക്യാപ്റ്റന്‍സിയില്‍ മായങ്ക് അഗര്‍വാളിന് പിന്തുണ നല്‍കാനും ജഡേജയ്‌ക്കാവുന്നതാണ്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറക്കാനാഗ്രഹിക്കുന്ന മറ്റൊരു സീസണാണ് കഴിഞ്ഞുപോയത്. പോയിന്‍റ് പട്ടികയില്‍ എട്ടാമതായി ടീമിന് സീസണ്‍ അവസാനിപ്പിക്കേണ്ടിവന്നു. അബ്‌ദുള്‍ സമദിനെ പോലുള്ള യുവ ഓള്‍റൗണ്ടര്‍മാര്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയര്‍ന്നിരുന്നില്ല. ഇതിന് പരിഹാരമാകാന്‍ ജഡേജക്ക് കഴിയുമെന്ന് ടീം ചിന്തിച്ചാല്‍ തെറ്റ് പറയാനാവില്ല. 

click me!