
ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് മലയാളി താരം എസ് ശ്രീശാന്തിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ ധോണി ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തി ഇന്ത്യൻ താരം ആര്‍ അശ്വിൻ. തന്‍റെ ആത്മകഥയായ "Have The Streets- A Kutty Cricket Story" എന്ന പുസ്തകത്തിലാണ് 2010ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടായ നാടകീയ സംഭവങ്ങളെക്കുറിച്ച് അശ്വിന്‍ വിവരിക്കുന്നത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ പോര്‍ട്ട് എലിസബത്തില്‍ നടന്ന മത്സരത്തില്‍ ഞാനും ശ്രീശാന്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നില്ല. എങ്കിലും മത്സരം നടക്കുമ്പോള്‍ റിസര്‍വ് താരങ്ങളെല്ലാം ഡഗ് ഔട്ടിലുണ്ടാകണമെന്ന് ധോണി ഗ്രൗണ്ടിലിറങ്ങും മുമ്പെ കര്‍ശനം നിര്‍ദേശം നല്‍കിയിരുന്നു. മത്സരത്തിനിടെ ഒന്നിലേറെ തവണ ഞാന്‍ ധോണിക്ക് വെള്ളം കൊടുക്കാനായി ഗ്രൗണ്ടിലേക്ക് പോയിരുന്നു. അങ്ങനെ ഒരു തവണ ഡ്രിങ്ക്സ് ബ്രേക്കിന് വെള്ളം കൊടുക്കാന്‍ പോയപ്പോള്‍ ധോണി എന്നോട് ചോദിച്ചു, ശ്രീ എവിടെ എന്ന്. എന്തിനാണ് അദ്ദേഹമത് ചോദിക്കുന്നത് എന്ന് എനിക്ക് അപ്പോള്‍ മനസിലായില്ല. ധോണി എപ്പോഴും അങ്ങനെയാണ് കാര്യങ്ങള്‍ ചോദിക്കുക. അതുകൊണ്ട് തന്നെ എന്ത് മറുപടി പറയണമെന്നും മറുപടി പറഞ്ഞാല്‍ അദ്ദേഹത്തിന്‍റെ പ്രതികരണം എന്തായിരിക്കും എന്നും എനിക്ക് അറിയാമായിരുന്നില്ല. അതുകൊണ്ട് ഞാന്‍ പറഞ്ഞു, ശ്രീ മുകള്‍ നിലയിലെ ഡ്രസ്സിംഗ് റൂമിലുണ്ടെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ശ്രീയോട് പറയു, വന്ന് താഴെ റിസര്‍വ് താരങ്ങളുടെ കൂടെ ഇരിക്കാന്‍.
ഒരു രാജ്യാന്തര മത്സരത്തില്‍ വിക്കറ്റ് കീപ്പറായി നില്‍ക്കുന്നതിനിടെ ശ്രീ റിസര്‍വ് താരങ്ങളുടെ കൂടെയില്ലെന്നത് ധോണി എങ്ങനെയാണ് ശ്രദ്ധിച്ചതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഡഗ് ഔട്ടില്‍ തിരിച്ചെത്തിയ ഞാന്‍ അവിടെയുണ്ടായിരുന്ന മുരളി വിജയിയോട് പറഞ്ഞു, ശ്രീയോട് താഴേക്ക് വരാന്‍ ധോണി പറഞ്ഞിട്ടുണ്ടെന്ന്. അവന്‍ പറഞ്ഞു, ഞാന്‍ പറയില്ല, നീ തന്നെ പോയി അവനോട് പറയൂ എന്ന്.
ഞാന്‍ ഡ്രസ്സിംഗ് റൂമിലെത്തി ശ്രീശാന്തിനോട് പറഞ്ഞു, ധോണി നിന്നെ താഴെ ഡഗ് ഔട്ടിലേക്ക് വരാന്‍ പറഞ്ഞുവെന്ന്, അതെന്താ നിനക്ക് വെള്ളം കൊണ്ടുപോയി കൊടുക്കാന്‍ പറ്റില്ലെ എന്നായിരുന്നു അതുകേട്ട ശ്രീശാന്തിന്‍റെ മറുപടി. ധോണി അത് പറഞ്ഞപ്പോള്‍ ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ലെന്നും പക്ഷെ ധോണി നിന്നോട് താഴെക്ക് വരാന്‍ പറയുകയായിരുന്നുവെന്നും റിസര്‍വ് താരങ്ങള്‍ ഒരുമിച്ച് ഇരിക്കണമെന്ന് പറഞ്ഞുവെന്നും അറിയിച്ചു. അത് കേട്ട് ശ്രീ പറഞ്ഞത്, നീ പൊയ്ക്കോ ഞാന്‍ വരാം എന്നായിരുന്നു.
കുറച്ച് കഴിഞ്ഞ്‍ ധോണിക്ക് ഹെല്‍മെറ്റുമായി ഞാന്‍ ഗ്രൗണ്ടിലേക്ക് പോയി. ആ സമയവും ശ്രീശാന്ത് വന്നിരുന്നില്ല. ധോണിക്ക് ദേഷ്യം വന്നിട്ടുണ്ടെന്ന് എനിക്ക് മനസിലായി. ഒന്നും പറയാതെ ഞാന്‍ ഹെല്‍മെറ്റ് കൊടുത്ത് മടങ്ങി. വെള്ളം കൊടുക്കുന്ന ജോലി തുടര്‍ന്നു. അടുത്ത തവണ ഹെല്‍മെറ്റുമായി പോയപ്പോള്‍ ധോണിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. അത്രയും ദേഷ്യത്തില്‍ അതിന് മുമ്പ് ഞാനദ്ദേഹത്തെ കണ്ടിട്ടില്ല. ശ്രീ എവിടെ, അവനവിടെ എന്താണ് ചെയ്യുന്നത്, ധോണി ദേഷ്യത്തോടെ ചോദിച്ചു. അവനവിടെ തുടരാന്‍ താല്‍പര്യമില്ലെന്നും ടീം മാനേജരായ രഞ്ജിബ് ബിസ്വാളിനെ കണ്ട് ശ്രീശാന്തിന് നാട്ടിലേക്കുള്ള ടിക്കറ്റ് നാളെതന്നെ ബുക്ക് ചെയ്യാനും ധോണി എന്നോട് പറഞ്ഞു.ഞാനാകെ ഞെട്ടിത്തരിച്ചുപോയി. എന്തു പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. ധോണിയുടെ മുഖത്തേക്ക് ഭയത്തോടെ ഞാന്‍ നോക്കി നിന്നു. എന്ത് പറ്റി, നിനക്ക ഇംഗ്ലീഷില്‍ പറഞ്ഞത് മനസിലായില്ലെ എന്നദ്ദേഹം ചോദിച്ചു.
ധോണി പറഞ്ഞ കാര്യം ശ്രീശാന്തിനെ അറിയിച്ചു. അത് കേട്ട ഉടന്‍ വേഗം വസ്ത്രം മാറി ശ്രീ ഡഗ് ഔട്ടിലേക്ക് വന്നു. അടുത്ത തവണ ഡ്രിങ്ക്സ് ബ്രേക്കില്‍ ശ്രീ തന്നെയാണ് വെള്ളവുമായി എന്നോടൊപ്പം ആദ്യം ഗ്രൗണ്ടിലേക്ക് ഓടിയത്. ശ്രീയുടെ കൈയില്‍ നിന്ന് വെള്ളം വാങ്ങാതിരുന്ന ധോണി എന്‍റെ അടുത്തുവന്നു ചോദിച്ചു, നീ ടീം മാനേജരോട് ടിക്കറ്റെടുക്കാന്‍ പറഞ്ഞോ എന്ന്. എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. പിന്നീട് ശ്രീയും ധോണിയും കൂടി ആ പ്രശ്നം പരിഹരിച്ചു, ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിയാണ് വരുന്നതെങ്കിലും അന്ന് താനാകെ പെട്ടുപോയെന്നും അശ്വിന്‍ പുസ്തകത്തില്‍ വിവരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!