ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അമരത്തേക്ക് ദാദ; ഗാംഗുലി പുതിയ ബിസിസിഐ അധ്യക്ഷനാകുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 14, 2019, 10:19 AM IST
Highlights

 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് സെക്രട്ടറി. കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്‍റ്  ജയേഷ് ജോർജായിരിക്കും പുതിയ ജോയിന്റ് സെക്രട്ടറി. ഈമാസം 23ന് ബിസിസിഐയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ (ബിസിസിഐ) പുതിയ പ്രസിഡന്‍റാകുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ആകും സെക്രട്ടറി. കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്‍റ്  ജയേഷ് ജോർജ് പുതിയ ജോയിന്റ് സെക്രട്ടറിയാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണകളായിട്ടുണ്ട്.

ഈമാസം 23ന് ബിസിസിഐയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച താത്കാലിക ഭരണസമിതിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തരായ എൻ ശ്രീനിവാസൻ പക്ഷവും അനുരാഗ് ഠാക്കൂർ പക്ഷവും സമവായത്തിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

അനുരാഗ് ഠാക്കൂറിന്റെ പിന്തുണയുള്ള ഇന്ത്യയുടെ മുൻ നായകനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയാവും ബിസിസിഐയുടെ പുതിയ പ്രസിഡന്റ്. ശ്രീനിവാസൻ പക്ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ച മുൻതാരം ബ്രിജേഷ് പട്ടേലിയയെ ഐപിഎൽ ചെയർമാനായി  നിയമിച്ചേക്കും. 

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ബിസിസിഐ സെക്രട്ടറിയാകും. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുൺ ധുമാൽ ട്രഷററുമാവും. ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുന്‍ പ്രസിഡന്റ് ജയേഷ് ജോർജ്ജായിരിക്കും പുതിയ ജോയിന്റ് സെക്രട്ടറി. എസ് കെ നായർക്കും ടി സി മാത്യുവിനും ശേഷം ബിസിസിഐ ഭാരവാഹിയാവുന്ന ആദ്യ മലയാളിയാണ് ജയേഷ് ജോർജ്. 

click me!