ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

By Web TeamFirst Published Jul 31, 2020, 8:22 PM IST
Highlights

അടുത്തഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും ആദ്യഘട്ടത്തില്‍ കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണ് തീരുമാനമെന്നും അഞ്ച് മുതല്‍ 18 വയസുവരയെുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സിലിംഗ് നല്‍കുമെന്നും  ഗംഭീര്‍ പറഞ്ഞു.

ദില്ലി: ഡല്‍ഹി ജിബി റോഡ് പ്രദേശത്തെ ലൈംഗികത്തൊഴിലാളികളുടെ മക്കളുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. പാങ്ക്(PAANKH) എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന്റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത 25 പെണ്‍കുട്ടികളെയാണ് ഗംഭീറിന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുന്നത്. സമൂഹത്തിലെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാന്‍ തുല്യ അവകാശമാണുള്ളതെന്നും അതിനായി ഈ കുട്ടികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണെന്നും ഗംഭീര്‍ ഒരു  ദേശീയ മാധ്യമത്തോട് പറഞ്ഞു.

അടുത്തഘട്ടത്തില്‍ കൂടുതല്‍ കുട്ടികളെ ഏറ്റെടുക്കുമെന്നും ആദ്യഘട്ടത്തില്‍ കുറഞ്ഞത് 25 പേരെയെങ്കിലും സഹായിക്കാനാണ് തീരുമാനമെന്നും അഞ്ച് മുതല്‍ 18 വയസുവരയെുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സിലിംഗ് നല്‍കുമെന്നും  ഗംഭീര്‍ പറഞ്ഞു. കുട്ടികളുടെ സ്കൂള്‍ ഫീസ്, യൂണിഫോം, ഭക്ഷണം, മെഡിക്കല്‍ സഹായം തുടങ്ങിയവയെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ ചെയ്യുമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഇത്തരം കുട്ടികളെ സഹായിക്കാന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. നിലവില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെ ഇരുന്നൂറോളം കുട്ടികളുടെ സംരക്ഷണം ഗൗതം ഗംഭീര്‍ ഇപ്പോള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് 25 കുട്ടികളുടെ സംരക്ഷണം കൂടി ഗംഭീര്‍ ഏറ്റെടുക്കുന്നത്.

click me!