2026ല്‍ മുംബൈ ഇന്ത്യൻസ് കളിത്തിലിറക്കുന്ന സ്ക്വാഡിന് 2019, 20 സീസണുകളില്‍ കിരീടം നേടിയ സംഘവുമായി ഏറെ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ എതിരാളികള്‍ ഭയപ്പടേണ്ടി വരും
2019, 20 സീസണുകളിലെ മുംബൈ ഇന്ത്യൻസിനെ ഓര്‍മയുണ്ടോ, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെയും ഡല്‍ഹി ക്യാപിറ്റല്‍സിനേയും വീഴ്ത്തി രണ്ട് തുടര്‍കിരീടങ്ങള്‍ നേടിയ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യൻസിനെ. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മുംബൈ നിരയായിരുന്നു അത്. 2026ല്‍ മുംബൈ കളത്തിലേക്കിറക്കുന്ന സ്ക്വാഡ് കണ്ട് എതിരാളികള്‍ക്ക് ആ രണ്ട് സീസണ്‍ ഓര്‍മ വന്നാല്‍ തെറ്റുപറയാനാകില്ല. ദുബായില്‍ നിന്ന് അഞ്ച് വര്‍ഷം താണ്ടിയിരിക്കുന്നു, ആറാം കിരീടത്തിന് സമയമായി എന്ന സിഗ്നല്‍ അവര്‍ ആ പേരുകള്‍ക്കൊണ്ട് നല്‍കികഴിഞ്ഞിരിക്കുന്നു.
2019, 2020 എഡിഷനുകളില്‍ മുംബൈയുടെ ഭാഗമായിരുന്ന എട്ട് താരങ്ങളാണ് 2026ലെ 25 അംഗ സ്ക്വാഡിലുള്ളത്. ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്ക് പാണ്ഡ്യ, മായങ്ക് മാര്‍ഖണ്ഡെ, ഷെര്‍ഫെയ്ൻ റുഥര്‍ഫോര്‍ഡ്, ട്രെൻ ബോള്‍ട്ട്, ജസ്പ്രിത് ബുമ്ര. അബുദാബിയില്‍ ഹാമര്‍ ഉയരുന്നതിന് ദിവസങ്ങള്‍ക്ക് മുൻപാണ് വിരമിക്കലില്‍ നിന്ന് മടങ്ങിയെത്തിയ ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനോട് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാൻ മുംബൈ ഇന്ത്യൻസ് ആവശ്യപ്പെടുന്നത്. കേവലം ഒരു കോടി രൂപയ്ക്ക് ഡി കോക്കിനെ നേടാൻ മുംബൈക്ക് സാധിച്ചു.
വിരമിക്കലിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഡി കോക്ക് ഏകദിനത്തില്‍ ആറ് കളികളില്‍ രണ്ട് വീതം സെഞ്ചുറിയും അര്‍ദ്ധ ശതകവും നേടിയിട്ടുണ്ട്. ട്വന്റി 20യില്‍ സ്ട്രൈക്ക് റേറ്റ് 160 ആണ്, ഉജ്വല ഫോമില്‍. എന്തുകൊണ്ട് ഡി കോക്കിനായി മറ്റ് ടീമുകള്‍ ലേലത്തില്‍ ബിഡ് ഉയര്‍ത്താൻ തയാറായില്ല എന്നത് ചോദ്യമാണ്. അതുപോലെ കൊല്‍ക്കത്തയില്‍ നിന്ന് ട്രേഡില്‍ എത്തിച്ച ലെഗ് സ്പിന്നര്‍ മായങ്ക് മാര്‍ഖണ്ഡയും ചേര്‍ന്നപ്പോഴാണ് ആ സ്വപ്നസംഘത്തിന്റെ കോളം തികഞ്ഞതെന്ന് പറയാം. ഇനി സ്ക്വാഡിലേക്ക്.
ഇന്ത്യൻ താരങ്ങളടങ്ങിയ കോര്‍ ടീം എല്ലാ മത്സരങ്ങളിലുമുണ്ടാകുമെന്ന് തീര്‍ച്ചയാണ്. രോഹിത്, തിലക്, സൂര്യ, ഹാര്‍ദിക്ക്, ബുമ്ര. ഇതിനൊപ്പം ചേര്‍ത്തുവെക്കാനാകുന്ന പേര് ബോള്‍ട്ടിന്റേതാണ്. ഇങ്ങനെ ആറ് സ്ലോട്ടുകള്‍ ലോക്കാണ്. ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം റിയാൻ റിക്കല്‍ട്ടണോ, ഡി കോക്കോ ആയിരിക്കുമെന്ന് തീര്‍ച്ചയാണ്. തന്റെ ആദ്യ ഐപിഎല്ലില്‍ 14 കളികളില്‍ നിന്ന് 388 റണ്‍സ്, 150 സ്ട്രൈക്ക് റേറ്റില്‍ നേടാൻ റിക്കല്‍ട്ടണ് കഴിഞ്ഞിരുന്നു. ഇരുവരും സമാന ശൈലിയുള്ളവരായതിനാല്‍ ഫോമായിരിക്കും സ്ഥാനം നിര്‍ണയിക്കുക.
ഇംപാക്റ്റ് പ്ലെയര്‍ ഉള്‍പ്പെടെ ഇനി അഞ്ച് സ്ഥാനങ്ങളാണുള്ളത്. രണ്ട് വിദേശ താരങ്ങളും മൂന്ന് ഇന്ത്യൻ താരങ്ങളും. ഇവിടെയാണ് മുംബൈയുടെ അസാധാരണ സ്ക്വാഡ് ഡെപ്ത് ഒരുപോലെ ആനുകൂല്യം നല്‍കുന്നതും ആശയക്കുഴപ്പത്തിലാക്കുന്നതും. രണ്ട് വിദേശതാരങ്ങളുടെ സ്ലോട്ടിലേക്ക് മിച്ചല്‍ സാന്റ്നര്‍, കോര്‍ബിൻ ബോഷ്, ഷെര്‍ഫെൻ റുഥര്‍ഫോര്‍ഡ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. വിക്കറ്റിന്റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബോഷിനേയും സാന്റനറിനേയും ഉപോയിഗിക്കാൻ കഴിയും. സമീപകാലത്തെ ബോഷിന്റെ ഡെത്ത് ഓവറുകളിലെ പ്രകടനം മാറ്റി നിര്‍ത്താൻ ഒരു ടീമിനുമാകില്ല. സാന്റനറും അങ്ങനെ തന്നെ.
മൂന്നാം പേസറായി അശ്വനി കുമാര്‍, ശാര്‍ദൂല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിങ്ങനെ ഓപ്ഷനുകളുണ്ട്. സ്പിൻ നിരയിലേക്ക് സാന്റനറിന് പുറെ മാര്‍ഖണ്ഡെ, അഫ്ഗാൻ താരം ഗസൻഫാറും. ദീപക്കിനും ശാര്‍ദൂലിനും സാന്റനറിനും ബാറ്റ് ചെയ്യാൻ കഴിയുമെന്നത് ഡെപ്ത് ഒന്നുകൂടി വര്‍ധിപ്പിക്കുന്ന ഘടകമാണ്. എതിരാളികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ക്ക് അനുസരിച്ച് പ്രയോഗിക്കാൻ കഴിയുന്ന താരങ്ങളാണ് മേല്‍പ്പറഞ്ഞവരെല്ലാവരും. സാന്റനറിന് ബാക്കപ്പായി അതര്‍വ അങ്കൊലേക്കര്‍. ഇത്രയും ശക്തമായ ബെഞ്ചിലേക്ക് വില്‍ ജാക്ക്‌സ് എന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ കൂടി.
കഴിഞ്ഞ സീസണില്‍ മുംബൈക്കായി 233 റണ്‍സും ആറ് വിക്കറ്റും ജാക്ക്‌സ് നേടിയിരുന്നു. എന്നാല്‍, ജാക്ക്‌സിന് ഇക്കുറി അന്തിമ ഇലവനില്‍ ഇടമുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഹാര്‍ഡ് ഹിറ്ററായ ജാക്ക്‌സ്, ആഷസില്‍ ഓഫ് സ്പിന്നറുടെ റോളും വഹിക്കുന്നത് ഓസ്ട്രേലിയയില്‍ കണ്ടതാണ്. അതും ഇംഗ്ലണ്ടിന്റെ മാര്‍ക്യു സ്പിന്നര്‍ പുറത്തിരിക്കുമ്പോള്‍. അങ്ങനെ വെല്‍ സെറ്റില്‍ഡായ ഇലവനും ഡഗൗട്ടും. ഒരു പ്രോപ്പര്‍ ഇലവനിലേക്ക് മുംബൈ എത്താൻ പതിവുപോലെ കുറച്ചു മത്സരങ്ങളെടുത്തേക്കാം. പക്ഷേ, പരീക്ഷണമായി ടീമിലെത്തുന്നവര്‍ പോലും വലിയ ഇംപാക്റ്റുണ്ടാക്കാൻ കരുത്തുള്ളവരാണ്.
ശക്തമായ സ്പിൻ-പേസ് ഡിപ്പാര്‍ട്ട്മെന്റ്, ഓള്‍ റൗണ്ടര്‍മാരുടെ നീണ്ട നിര. ബാറ്റിങ്ങെടുത്താല്‍ ലോക ക്രിക്കറ്റിലെ കരുത്തരെല്ലാം ആ പട്ടികയിലുണ്ട്. ഇത്തവണ പേപ്പറില്‍ ഏറ്റവും ബാലൻസ്ഡായ ടീം മുംബൈയെന്ന് പറയാനാകും. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനേക്കാള്‍ ഒരുപടി മുന്നില്‍. അതുകൊണ്ട്, ദൈവത്തിന്റെ പോരാളികള്‍, ആറാം കിരീടത്തിനായി തന്നെയായിരിക്കും കളത്തിലേക്ക് എത്തുക.


