
ദില്ലി: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ടീം ഇന്ത്യ കൂടുതൽ അവസരങ്ങൾ നൽകണമെന്ന് മുൻ താരം ഗൗതം ഗംഭീര്‍. ട്വന്‍റി 20 ലോകകപ്പ് ടീമിലടക്കം സഞ്ജുവിന് സാധ്യതയുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ സഞ്ജുവിന്‍റെ സെഞ്ചുറി പ്രകടനത്തിന് പിന്നാലെയാണ് ഗംഭീറിന്‍റെ വാക്കുകള്‍. മധ്യനിരയില്‍ പക്വതയോടെ കളിക്കാനുള്ള എല്ലാ മികവും സഞ്ജുവിനുണ്ട് എന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറി പ്രകടനം സഞ്ജു സാംസണിന്‍റെ കരിയറിന് പുതുജീവൻ നൽകിയെന്ന് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീര്‍ പറയുന്നു. 'സഞ്ജുവിന്റെ പ്രതിഭ എല്ലാവര്‍ക്കും അറിയാം. ഐപിഎല്ലിൽ ഒരുപിടി മികച്ച ഇന്നിംഗ്സുകൾ സഞ്ജു കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലും പ്രോട്ടീസിനെതിരായ ശതകത്തോടെ സഞ്ജു തന്‍റെ മികവ് അടയാളപ്പെടുത്തുന്നു. സെലക്ടര്‍മാരെ ഇംപ്രസ് ചെയ്യിക്കുന്നത് മാത്രമല്ല, ഇനിയും സഞ്ജുവിനെ അവഗണിക്കാൻ തോന്നാത്ത തരത്തിലുള്ള പ്രകടനമാണിത്. മുൻനിരയിൽ കളിക്കാൻ ഇന്ത്യക്ക് നിരവധി താരങ്ങളുണ്ട്. മധ്യനിരയിൽ പക്വതോടെ കളിക്കുന്നവരെയാണ് ഇനി വേണ്ടത്. അതിന് പറ്റിയ താരമാണ് സഞ്ജു സാംസണ്‍, പ്രതിഭക്കൊപ്പം ഇപ്പോൾ പരിചയസമ്പത്തും താരത്തിന് ഉണ്ട്' എന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ വണ്‍ഡൗണായിറങ്ങി സഞ്ജു സാംസണ്‍ 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 108 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. എട്ട് വര്‍ഷത്തെ ചരിത്രമുള്ള സഞ്ജുവിന്‍റെ രാജ്യാന്തര കരിയറിലെ കന്നി ശതകമാണിത്. സഞ്ജുവിന്‍റെ കരുത്തില്‍ മത്സരം 78 റണ്‍സിന് ജയിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി. ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി പേസര്‍ അര്‍ഷ്‌ദീപ് സിംഗും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. സഞ്ജു കളിയിലെയും അര്‍ഷ് പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ട്വന്‍റി 20 അരങ്ങേറ്റം കുറിച്ചെങ്കിലും 2021 ജൂലൈയില്‍ മാത്രം ആദ്യമായി ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്ജു 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി 14 ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും സഹിതം 56.67 റണ്‍സ് പേരിലാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം