ദക്ഷിണാഫ്രിക്കയോട് മൂന്നാം ഏകദിനത്തില്‍ വണ്‍ഡൗണായിറങ്ങി സഞ്ജു സാംസണ്‍ 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 108 റണ്‍സ് അടിച്ചെടുത്തു

പാള്‍: കന്നി രാജ്യാന്തര സെഞ്ചുറിക്കായുള്ള നീണ്ട എട്ട് വര്‍ഷത്തെ കാത്തിരിപ്പാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. പാളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ സെഞ്ചുറി അതുകൊണ്ട് തന്നെ സഞ്ജുവിന് സ്പെഷ്യലാണ്. ടീമില്‍ വന്നും പോയും ബാറ്റിംഗ് ഓര്‍ഡറില്‍ എല്ലാ പരീക്ഷണങ്ങള്‍ക്കും ഇരയായ സ‌ഞ്ജുവിന് ടീം ഇന്ത്യയില്‍ ഏറെക്കാലത്തെ ലൈഫ്‌ലൈന്‍ നല്‍കുന്ന സെഞ്ചുറിയാണിത്. ഐപിഎല്ലില്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിനെ ഇന്ത്യ ഫിനിഷര്‍ വരെയുള്ള പല സ്ഥാനങ്ങളില്‍ ഇറക്കുന്നത് ആരാധകര്‍ കണ്ടിരുന്നു. ഇപ്പോള്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് സ്ഥാനം തെളിഞ്ഞിരിക്കുകയാണ് എന്നാണ് പ്രമുഖ കമന്‍റേറ്റര്‍ ഹർഹ ഭോഗ്‍ലേയുടെ വാക്കുകള്‍. 

സഞ്ജു സാംസൺ ഏറ്റവും അനുയോജ്യ സ്ഥാനത്താണ് ബാറ്റ് ചെയ്തതെന്ന് മലയാളി താരത്തിന്‍റെ പാളിലെ സെഞ്ചുറിക്ക് പിന്നാലെ കമന്‍റേറ്റർ ഹർഹ ഭോഗ്‍ലേ ട്വീറ്റ് ചെയ്തു. എന്നാല്‍ വിരാട് കോലി ടീമിലുള്ളപ്പോൾ മൂന്നാം നമ്പറിനെക്കുറിച്ച് മറ്റാരും ചിന്തിക്കേണ്ടെന്നും ഹർഷ പറഞ്ഞു. പാളില്‍ മൂന്നാം നമ്പറിലാണ് സഞ്ജു ഇറങ്ങിയതെങ്കിലും വിരാട് കോലി ഏകദിന സ്ക്വാഡിലേക്ക് മടങ്ങിയെത്തുന്നതോടെ സഞ്ജു എവിടെയിറങ്ങും എന്ന ചോദ്യം സജീവമാണ്. സഞ്ജുവിനെ മധ്യനിരയില്‍ ഫിനിഷറുടെ റോളിലേക്ക് തട്ടാനാണ് സാധ്യതകള്‍ കൂടുതലും. 

Scroll to load tweet…

ദക്ഷിണാഫ്രിക്കയോട് മൂന്നാം ഏകദിനത്തില്‍ വണ്‍ഡൗണായിറങ്ങി സഞ്ജു സാംസണ്‍ 114 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സറും സഹിതം 108 റണ്‍സ് അടിച്ചെടുത്തു. എട്ട് വര്‍ഷത്തെ ചരിത്രമുള്ള സഞ്ജുവിന്‍റെ രാജ്യാന്തര കരിയറിലെ കന്നി ശതകമാണിത്. സഞ്ജുവിന്‍റെ കരുത്തില്‍ മത്സരം 78 റണ്‍സിന് ജയിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി. ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുമായി പേസര്‍ അര്‍ഷ്‌ദീപ് സിംഗും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. സഞ്ജു കളിയിലെയും അര്‍ഷ് പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 2015ല്‍ ട്വന്‍റി 20 അരങ്ങേറ്റം കുറിച്ചെങ്കിലും 2021 ജൂലൈയില്‍ മാത്രം ആദ്യമായി ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്ജു 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി 14 ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്റ്റിയും സഹിതം 56.67 റണ്‍സ് പേരിലാക്കിയിട്ടുണ്ട്. 

Read more: ദാ കാണ്... നൂറഴക് ചിത്രവുമായി സഞ്ജു സാംസണ്‍, ഏറ്റെടുത്ത് ആരാധകര്‍; 'ചേട്ടന്‍' ഉയിരെന്ന് 'ജോസേട്ടന്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം