
ദുബായ്: ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ ഡര്‍ബി ഒരിടവേളയ്‌ക്ക് ശേഷം തിരിച്ചെത്തുകയാണ്. ഏഷ്യാ കപ്പില്‍ ഓഗസ്റ്റ് 28-ാം തിയതി ഇന്ത്യ-പാക് ടീമുകള്‍ മുഖാമുഖം വരാനിരിക്കേ പതിവുപോലെ വാക്‌പോര് നേരത്തെ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യ-പാക് പോരാട്ടങ്ങളുടെ മുന്‍ ചരിത്രമെടുത്താലും അത് വാക്‌പോരുകളുടെ മൈതാനയുദ്ധം കൂടിയാണ്. മൈതാനത്ത് ഇരു ടീമിലേയും താരങ്ങള്‍ പലകുറി കോര്‍ത്തത് ആരാധകര്‍ക്ക് ഓര്‍മ്മയുണ്ടാവും. ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ബാറ്റിനും ബോളിനുമൊപ്പം വാക്കുകളും കൊണ്ട് നടന്ന ശ്രദ്ധേയമായ മൂന്ന് ഏറ്റുമുട്ടലുകള്‍ ഏതൊക്കെയെന്ന് വീണ്ടും ഓര്‍ത്തെടുക്കാം.
1. ഗംഭീര്‍-അഫ്രീദി (2007)
2007ല്‍ കാണ്‍പൂരില്‍ നടന്ന ഇന്ത്യ-പാക് മൂന്നാം ഏകദിനത്തിലായിരുന്നു വാക്കുകള്‍ കൊണ്ടുള്ള ഈ തല്ലുമാല. ഷാഹിദ് അഫ്രീദിയെ ഗംഭീര്‍ ഒരു ബൗണ്ടറിയടിച്ചതിലായിരുന്നു കൈവിട്ട കളിയുടെ തുടക്കം. ഗംഭീറിന്‍റെ ഫോര്‍ ഇഷ്ടപ്പെടാതിയിരുന്ന അഫ്രീദി പിന്നാലെ കുറച്ച് വാക്കുകളും ഇന്ത്യന്‍ ഓപ്പണര്‍ക്ക് എറിഞ്ഞുകൊടുത്തു. ഗംഭീര്‍ വിട്ടുകൊടുത്തില്ല. തൊട്ടടുത്ത പന്തില്‍ സിംഗിളെടുക്കാനായി ഓടാന്‍ ശ്രമിക്കവെ അഫ്രീദി തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് വാദിച്ച് ഗംഭീര്‍ വഴക്കുകൂടി. പിന്നാലെ തലയുരുമി നിന്ന് കോര്‍ത്തു ഇരു താരങ്ങളും. ഒടുവില്‍ അംപയര്‍ ഇയാന്‍ ഗൗള്‍ഡ് പിച്ചിലിറങ്ങി രംഗം ശാന്തമാക്കുകയായിരുന്നു.
2. ഗംഭീര്‍-കമ്രാന്‍ (2010)
2010 ഏഷ്യാ കപ്പിലും ഒരറ്റത്ത് ഗൗതം ഗംഭീര്‍ വന്ന വാക്‌പോര് മൈതാനത്ത് ആളിക്കത്തി. പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‌മലായിരുന്നു മറുപുറത്ത്. വിക്കറ്റിന് പിന്നില്‍ ഗംഭീറിനെതിരെ കമ്രാന്‍ അക്‌മല്‍ ശക്തമായി അപീല്‍ ചെയ്തതിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. എന്നാല്‍ അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. താരങ്ങള്‍ക്ക് വെള്ളം കുടിക്കാനുള്ള ഇടവേളയില്‍ അനാവശ്യ അപ്പീലിന്‍റെ പേരില്‍ അക്‌മലിനെ ഗംഭീര്‍ ചോദ്യം ചെയ്തതോടെ കളി കാര്യമായി. ഈ വിഷയത്തിലും അംപയര്‍ ഇടപെട്ടുവെങ്കിലും പ്രശ്‌നം അവസാനിച്ചില്ല. ഒടുവില്‍ എം എസ് ധോണിയെത്തി ഗംഭീറിനെ പിന്തിരിപ്പിക്കുകയായിരുന്നു.
3. ഹര്‍ഭജന്‍-അക്‌തര്‍(2010)
ഇതേ ഏഷ്യാ കപ്പ് എഡിഷനില്‍ മറ്റൊരു പോരുകൂടി മൈതാനത്തെ ചൂടുപിടിപ്പിച്ചു. മത്സരം അവസാനത്തോട് അടുക്കുമ്പോള്‍ ഹര്‍ഭജനെ സ്ലഡ്‌ജ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഷൊയൈബ് അക്‌തര്‍. ഹര്‍ഭജനെതിരെ ബൗണ്‍സര്‍ എറിഞ്ഞ അക്‌തര്‍ വാക്‌പോരുമായെത്തി രംഗം ചൂടുപിടിപ്പിക്കുകകയായിരുന്നു. എന്നാല്‍ ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മുഹമ്മ് ആമിറിനെ സിക്‌സര്‍ പറത്തി വിജയം ഇന്ത്യയുടേതാക്കിയ ഹര്‍ഭജന്‍ ആവേശം കൊണ്ട് അക്‌തറിന് അരികിലേക്ക് പാഞ്ഞെത്തി. പിന്നാലെ ഭാജിയോട് ഗാലറിയിലേക്ക് കയറിപ്പോകാന്‍ അക്‌തര്‍ ആംഗ്യം കാട്ടിയതും ക്യാമറയില്‍ പതിഞ്ഞു.
Read More: നോക്കി പറഞ്ഞില്ലേല്‍ എയറിലാവും; ഇന്ത്യ-പാക് അങ്കം ആര് ജയിക്കുമെന്നതിന് അഫ്രീദിയുടെ മറുപടി തന്ത്രപരം