SA vs IND : 'ഹനുമ വിഹാരിയെ നിലനിര്‍ത്തണം'; വിരാട് കോലി വരുമ്പോള്‍ ഒഴിവാക്കേണ്ട താരത്തെ കുറിച്ച് ഗൗതം ഗംഭീര്‍

By Web TeamFirst Published Jan 6, 2022, 7:33 PM IST
Highlights

ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇരുവും നിര്‍ണായക സംഭാവന നല്‍കി. രഹാനെ 58 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായി. പൂജാര 53 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ അവസരം ലഭിച്ച ഹനുമ വിഹാരി പുറത്താവാതെ 40 റണ്‍സെടുത്തു.

ജൊഹന്നാസ്ബര്‍ഗ്: കരിയറിലെ മോശം സമയത്തിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും (Cheteshwar Pujara) അജിന്‍ക്യ രഹാനെയും (Ajinkya Rahane) കടന്നുപോകുന്നത്. ഇരുവരേയും പുറത്താക്കി പുതിയ താരങ്ങളെ പരീക്ഷിക്കണമെന്ന അഭിപ്രായം വന്നുകഴിഞ്ഞു. ഇതിനിടെ ജൊഹന്നാസ്ബര്‍ഗ് ടെസ്റ്റില്‍ ഇരുവും നിര്‍ണായക സംഭാവന നല്‍കി. രഹാനെ 58 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്‌സിലെ ടോപ് സ്‌കോററായി. പൂജാര 53 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ അവസരം ലഭിച്ച ഹനുമ വിഹാരി പുറത്താവാതെ 40 റണ്‍സെടുത്തു.

മൂന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഇതോടെ ആരെ പുറത്താക്കണമെന്നുള്ള ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്. ഇതിനിടെ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നാം ടെസ്റ്റില്‍ വിഹാരിയെ ഒഴിവാക്കരുതെന്നാണ് ഗംഭീറിന്റെ നിര്‍ദേശം. ''കേപ്ടൗണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് വിഹാരിയെ മാറ്റി നിര്‍ത്തരുത്. അദ്ദേഹത്തെ കളിപ്പിച്ചില്ലെങ്കിലത് നിര്‍ഭാഗ്യകരമായിരിക്കും. രഹാനെയെ ടീമില്‍ നിന്നൊഴിവാക്കാം. ജൊഹന്നാസ്ബര്‍ഗില്‍ രഹാനെയുടെ പൊസിഷനിലാണ് വിഹാരി കളിച്ചിരുന്നതെങ്കില്‍ അര്‍ധ സെഞ്ചുറി നേടാന്‍ സാധിക്കുമായിരുന്നു. രണ്ട് ഇന്നിംഗ്‌സിലും മനോഹരമായിരുന്നു വിഹാരിയുടെ ബാറ്റിംഗ്. ഇത്തരം ബാറ്റ്‌സ്മാന്മാര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതുണ്ട്. 

ഒരു വര്‍ഷത്തിനു ശേഷമാണ് വിഹാരി ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റ് കളിക്കുന്നത്. ഒരു മത്സരം കളിച്ച ശേഷം ആറു മാസമോ, ഒരു വര്‍ഷമോ കഴിഞ്ഞ അടുത്ത ടെസ്റ്റ് കളിപ്പിക്കുന്നതിനോട് യോജിക്കാനാവില്ല. രഹാനെയ്ക്ക് ലഭിച്ച പിന്തുണ വിഹാരിക്കും ലഭിക്കണം. ഇക്കാര്യം ടീം മാനേജ്‌മെന്റ് ശ്രദ്ധിക്കണം. ഓസ്ട്രേലിയക്കെതിരേ സിഡ്നിയില്‍ നടന്ന ടെസ്റ്റിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ഒരു ടെസ്റ്റ് പോലും കളിപ്പിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തഴയപ്പെടുകയും ചെയ്തു.'' ഗംഭീര്‍ കുറ്റപ്പെടുത്തി. 

നാലാം നമ്പറില്‍ തന്നെ വിഹാരിയെ കളിപ്പിക്കണമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചു. ''വിരാട് കോലി അടുത്ത ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം സ്ഥിരം നമ്പറായ നാലാം സ്ഥാനത്ത് തന്നെ കളിക്കട്ടെ. അടുത്തതായി വിഹാരി ഇറങ്ങണം.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

click me!