'എല്ലാവരേയും ഉള്‍പ്പെടുത്താന്‍ ആവില്ല'; ശ്രേയസ് അയ്യരെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ഗംഭീര്‍

Published : Jun 07, 2025, 04:47 PM IST
Shreyas Iyer

Synopsis

മികച്ച പ്രകടനം പുറത്തെടുക്കുന്നവര്‍ക്ക് മാത്രമേ ടീമില്‍ ഇടം ലഭിക്കൂ എന്നും എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും ഗംഭീര്‍ പറഞ്ഞു.

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്നലെയാണ് ലണ്ടനിലെത്തിയത്. ശുഭ്മാന്‍ ഗില്ലിന്റെ കീഴിലാണ് ഇത്തവണ ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചപ്പോഴാണ് ടീമിനെ നയിക്കാന്‍ ഗില്ലിന് അവസരം ലഭിച്ചത്. രോഹിത്തിനൊപ്പം പരിചയസമ്പന്നനായ വിരാട് കോലിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. തലമുറ മാറ്റത്തിലൂടെ കടന്നുപോകുന്ന ടീമിന് ഇംഗ്ലണ്ടില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുമോ എന്ന് കണ്ടറിയണം.

ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച ഫോം പുറത്തെടുത്ത ശ്രേയസ് ടീമിലെത്തുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ശ്രേയസിനെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പരിശീകന്‍ ഗൗതം ഗംഭീര്‍. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''മികച്ച പ്രകടനം പുറത്തെടുക്കുയാണെങ്കില്‍ ടീമില്‍ ആരേയും ഉള്‍പ്പെടുത്താം. നമുക്ക് 18 പേരെ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ. മികച്ച ഫോമിലുള്ളവര്‍ക്കും നന്നായി കളിക്കാന്‍ കഴിവുള്ളവരുമായ താരങ്ങള്‍ക്ക് അവസരം നല്‍കനാണ് ശ്രമിച്ചത്. അതുതന്നെയാണ് സംഭവിച്ചതും.'' ഗംഭീര്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ സെലക്ടര്‍ അല്ല' എന്ന് ഗംഭീര്‍ മുന്‍പ് മറുപടി നല്‍കിയിരുന്നു.

കരുണ്‍ നായര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ''ഒന്നോ രണ്ടോ ടെസ്റ്റുകള്‍ നോക്കി ഞങ്ങള്‍ ഒരാളെ വിലയിരുത്തില്ല. ധാരാളം റണ്‍സ് നേടിയ താരമാണ് കരുണ്‍. കൂടുതല്‍ അവസരങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. അങ്ങനെ അദ്ദേഹത്തിന് ഇവിടെ തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയും.'' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ചാംപ്യന്‍സ് ട്രോഫിയിലെ അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 243 റണ്‍സ് നേടി ടീമിലെ ടോപ് സ്‌കോററായ ശ്രേയസ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണം ടെസ്റ്റിലാണ് അവസാനം കളിച്ചത്. പിന്നീട് രഞ്ജിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടും ശ്രേയസിന് ടീമിലേക്കുള്ള വഴി തുറന്നില്ല. ഏഴ് ഇന്നിങ്‌സുകളിലായി മുംബൈയ്ക്കായി 480 റണ്‍സാണ് ശ്രേയസ് അയ്യര്‍ രഞ്ജിയില്‍ നേടിയത്.

അതേസമയം അഞ്ചു ടെസ്റ്റുകള്‍ കളിക്കാന്‍ ശ്രേയസിന് കഴിഞ്ഞേക്കില്ലെന്നും പരിക്ക് ഭീഷണിയുണ്ടെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് ശ്രേയസിനെ ടീമില്‍ നിന്നൊഴിവാക്കിയതെന്നും വാദമുണ്ട്. ശ്രേയസിന് പുറമെ ഫിറ്റ്‌നസ് വീണ്ടെടുക്കാതിരുന്ന ഷമിക്കും ടീമില്‍ ഇടം പിടിക്കാനായില്ല.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര