
ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മോശം പ്രകടനത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിനെയും മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണെയും വിമര്‍ശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മെന്‍ററായ ഗൗതം ഗംഭീര്‍. ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്ന ഡിവില്ലിയേഴ്സും പീറ്റേഴ്സണുമെല്ലാം ക്യാപ്റ്റന്‍മാരായി എത്ര ഐപിഎല്‍ കീരീടം നേടിയിട്ടുണ്ടെന്ന് ഗംഭീര്‍ സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
ക്യാപ്റ്റന്‍മാരെന്ന നിലയില്‍ ഡിവില്ലിയേഴ്സിന്‍റെയും പീറ്റേഴ്സന്‍റെയും റെക്കോര്‍ഡും അത്ര മികച്ചതല്ല. പ്രത്യേകിച്ച് ഡിവില്ലിയേഴ്സ്, ദീര്‍ഘകാലം ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടും എന്തുകൊണ്ട് അവര്‍ക്ക് കിരീടം നേടിക്കൊടുക്കാനായില്ലെന്നും വ്യക്തിഗത പ്രകടനങ്ങളെക്കാളുപരി ഡിവില്ലിയേഴ്സ് ഐപിഎല്ലില്‍ ഒന്നും നേടിയിട്ടില്ലെന്നും ഗംഭീര്‍ തുറന്നടിച്ചു.നേരത്തെ മുംബൈയുടെ മത്സരത്തിന്‍റെ ലൈവ് കമന്‍ററിക്കിടെ ഹാര്‍ദ്ദിക്കിന്‍റെ മോശം ക്യാപ്റ്റന്‍സിയെ ഡിവില്ലിയേഴ്സും പീറ്റേഴ്സണും വിമര്‍ശിച്ചിരുന്നു.
ഇവരൊക്കെ ക്യാപ്റ്റന്‍മാരായിരുന്ന കാലത്ത് ഇവരുടെ പ്രകടനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നത് നന്നായിരിക്കും. അതിപ്പോള്‍ പീറ്റേഴ്സണായാലും ഡിവില്ലിയേഴ്സായാലും ക്യാപ്റ്റന്‍മാരെന്ന നിലയില്‍ ഐപിഎല്ലില്‍ ഒന്നും ചെയ്തിട്ടില്ല. അവരുടെ റെക്കോര്‍ഡുകള്‍ ഒന്ന് എടുത്തുനോക്കു. ഐപിഎല്ലിലെ ഏറ്റവും മോശം ക്യാപ്റ്റന്‍മാരായിരിക്കും അവര്‍. പ്രത്യേകിച്ച് ഡിവില്ലിയേഴ്സ് വ്യക്തിഗത പ്രകടനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ ഐപിഎല്ലില്‍ ടീമിനായി ഒന്നും നേടിയിട്ടില്ല.
ഹാര്‍ദ്ദിക് പാണ്ഡ്യ ഇപ്പോഴും ഐപിഎല്ലില്‍ കിരീടം നേടിയിട്ടുള്ള നായകനാണ്. അതുകൊണ്ട് ഓറഞ്ചിനെ ഓറഞ്ചുമായി മാത്രമമെ താരതമ്യം ചെയ്യാവു എന്നും ആപ്പിളും ഓറഞ്ചുമായി താരതമ്യം ചെയ്യരുതെന്നും ഗംഭീര്‍ പറഞ്ഞു. ലഖ്നൗ സൂപ്പര്‍ കിംഗ്സിന്‍റെ ഉപദേശകനായിരുന്ന ഗംഭീര്‍ ഈ സീസണിലാണ് കൊല്‍ക്കത്തയുടെ ഉപദേഷ്ടാവായത്. ഗംഭീറിന് കീഴില്‍ മികച്ച പ്രകടനം നടത്തിയ കൊല്‍ക്കത്ത സീസണില്‍ പ്ലേ ഓഫ് ഉറപ്പാക്കുന്ന ആദ്യ ടീമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക