
ദുബായ്: ഏഷ്യാ കപ്പിൽ നാളെ യുഎഇക്കെതിരെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ടീം ഇന്ത്യ ഐസിസി അക്കാദമി ഗ്രൗണ്ടിലും ദുബായ് സ്റ്റേഡിയത്തിലും ആയിരുന്നു ഇന്നലെ പരിശീലനം നടത്തിയത്. പരിശീലനത്തിന് ആദ്യമെത്തിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ മേല്‍നോട്ടത്തില്‍ അഞ്ച് മിനിറ്റ് നേരം കീപ്പിംഗ് പരിശീലനം നടത്തിയ സഞ്ജു ഇടക്ക് ഒരു ക്യാച്ച് പറന്നു പിടിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ സഞ്ജുവിന് അടുത്തെത്തിയ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനോട് മൂന്ന് മിനിറ്റ് നേരം സംസാരിച്ചു. ഭൂരിഭാഗം സമയവും സഞ്ജു കേള്‍വിക്കാരന്‍റെ റോളിലായിരുന്നു. ചര്‍ച്ചക്ക് ശേഷം സഞ്ജു കീപ്പിംഗ് പരിശീലനം മതിയാക്കി.
സഞ്ജുവിനോട് കീപ്പിംഗ് പരിശീലനം നിര്‍ത്തി ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഗംഭീര്‍ ഉപദേശിച്ചത് എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിന്നീട് സഞ്ജുവിന് ബാറ്റിംഗ് പരിശീലനത്തിലും കാര്യമായി അവസരം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയം. അതേസമയം ജിതേഷ് ശർമ്മ ഏറെനേരം കീപ്പിംഗ്, ബാറ്റിംഗ് പരിശീലനം നടത്തുകയും ചെയ്തു. പരിശീലന സെഷനിലെ സൂചനകളനുസരിച്ച് നാളെ യുഎഇക്കെതിരായ ആദ്യ മത്സരത്തില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലെത്താനുള്ള സാധ്യത വിരളമാണ്.
ഇന്നലെ വൈകിട്ട് നടന്ന ബാറ്റിംഗ് പരിശീലനത്തില്‍ മധ്യനിരയിലെ ഹാര്‍ദ്ദിക് പാണ്ഡ്യ, ജിതേഷ് ശര്‍മ, ശിവം ദുബെ തിലക് വര്‍മ എന്നിവരെല്ലാം ദീര്‍ഘനേരം ബാറ്റിംഗ് പരിശീലനം നടത്തി. പിന്നീട് ടോപ് ഓര്‍ഡറിലെ അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, എന്നിവരും രണ്ടും മൂന്നും തവണ ബാറ്റിംഗ് പരിശീലനം നടത്തിയപ്പോൾ സഞ്ജുവിന് കാര്യമായ അവസരം ലഭിച്ചില്ല. ബാറ്റിംഗിന് തയാറായി സഞ്ജു ദീര്‍ഘനേരം കാത്തുനിന്നെങ്കിലും അവസരം ലഭിക്കാതിരുന്നതതോടെ ഡ്രസ്സിംഗ് റൂമിന് അടുത്തേക്ക് നടന്ന സഞ്ജു അവിടെ ഐസ് ബോക്സിന് മുകളില്‍ കുറച്ചുനേരം വിശ്രമിച്ചു. പിന്നീട് എല്ലാവരുടെയും ബാറ്റിംഗ് പരിശീലനം കഴിഞ്ഞ് നെറ്റ്സ് ഒഴിഞ്ഞപ്പോള്‍ മാത്രമാണ് സഞ്ജുവിന് പരിശീലനത്തിന് അവസരം ലഭിച്ചത്. നെറ്റ് ബൗളറായിരുന്നു സഞ്ജുവിന് പന്തെറിഞ്ഞത്.
ടി20 ലോകകപ്പിനുശേഷം ഗൗതം ഗംഭീര്‍ പരിശീലകനായതോടൊയണ് സഞ്ജു സാംസണ് ഇന്ത്യയുടെ ടി20 ടീമില്‍ ഓപ്പണറായി അവസരം ലഭിച്ചത്. അതിനുശേഷം കളിച്ച 10 മത്സരങ്ങളില മൂന്ന് സെഞ്ചുറികളുമായി സഞ്ജു ഗംഭീറിന്‍റെ വിശ്വാസം കാത്തെങ്കിലും ഗില്ലിന്‍റെ കടന്നുവരവ് സഞ്ജുവിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നാണ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക