
ദില്ലി: ഡല്‍ഹിയില്‍ നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്ത്. ഡല്‍ഹി നിവാസികള്‍ക്ക് ഇപ്പോള്‍ ക്രിക്കറ്റല്ല പ്രധാനമെന്നും ശുദ്ധവായുവാണെന്നും ഗംഭീര്‍ പറഞ്ഞു.
ക്രിക്കറ്റെന്നല്ല മറ്റൊരു കായിക മത്സരവും നടത്താനുള്ള സാഹചര്യമല്ല ഡല്‍ഹിയിലുള്ളത്. ഇത് കായിക താരങ്ങള്‍ക്ക് മാത്രമല്ല കളി കാണാനെത്തുന്ന ആരാധകരെയും ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ക്രിക്കറ്റ് മത്സരം നടത്തുക എന്നത് വളരെ ചെറിയ കാര്യമാണ്. ഈ സാഹചര്യത്തില്‍ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ അന്തരീക്ഷ മലനീകരണത്തിന്റെ അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരം നടത്താതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. മത്സരം നടക്കുമോ എന്നതിനേക്കാള്‍ ഡല്‍ഹി നിവാസികളുടെ ബുദ്ധിമുട്ടിനെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യന്‍ ടീമിന്റെ പരിശീലനം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!