'നിങ്ങള്‍ക്ക് സിക്‌സും ഫോറും മാത്രം മതിയോ?'; തോല്‍വിക്ക് പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍

Published : Oct 10, 2026, 12:01 PM IST
Shreyas Iyer-Gautam Gambhir

Synopsis

റാഞ്ചിയിൽ വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഫ്ലാറ്റ് പിച്ചുകൾക്കെതിരെ വിമർശനവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ബാറ്റും ബോളും തമ്മിൽ തുല്യ പോരാട്ടം നടക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ബൗളർമാരുടെ കരിയർ അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

റാഞ്ചി: 'ഇത് ക്രിക്കറ്റല്ല, ബാറ്റിംഗ് മാത്രമാണ്.' പത്ത് ദിവസം മുമ്പ് ഗുവാഹത്തിയില്‍ വെച്ചാണ് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഈ പ്രസ്താവന നടത്തിയത്. 43.3 ഓവറില്‍ 406 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്ന മത്സരത്തിലായിരുന്നു അത്. അന്ന് 93.3 ഓവറില്‍ ആകെ പിറന്നത് 811 റണ്‍സായിരുന്നു. ഇന്നലെ റാഞ്ചിയിലും മറ്റൊരു റണ്ണൊഴുക്കാണ് ഗംഭീര്‍ കണ്ടത്. വെസ്റ്റിന്‍ഡീസ് അനായാസം 250 റണ്‍സ് നേടി ടി20 ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ വിജയലക്ഷ്യം മറികടന്ന മത്സരത്തില്‍, ആകെ 38.3 ഓവറില്‍ പിറന്നത് 501 റണ്‍സാണ്.

റോസ്റ്റണ്‍ ചേസ് ഒഴികെ ഇരു ടീമുകളുടെയും എല്ലാ ബൗളര്‍മാരും ഓവറില്‍ 10 റണ്‍സിലധികം വിട്ടുകൊടുത്തു. മഞ്ഞുവീഴ്ച ഒരു ഘടകമായിരുന്നെങ്കിലും, പിച്ചുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ആരാധകരുടെ താല്‍പ്പര്യങ്ങള്‍ തനിക്ക് മനസിലാകുന്നുണ്ടെന്ന് ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി. ''നിങ്ങള്‍ക്ക് ബാറ്റും ബോളും തമ്മിലുള്ള നല്ലൊരു മത്സരം വേണ്ടേ? നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.'' ഗംഭീര്‍ വ്യക്തമാക്കി.

അദ്ദേഹം തുടര്‍ന്നു... ''നിങ്ങള്‍ക്ക് സിക്‌സറുകളും ഫോറുകളും മാത്രം കാണാനാണ് താല്‍പ്പര്യമെങ്കില്‍ ഞങ്ങള്‍ക്കും അതുതന്നെ വേണം. എന്നാല്‍ നിങ്ങള്‍ ഒരു തുല്യ മത്സരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. ബൗളര്‍മാരുടെ കരിയറും ഇവിടെ അപകടത്തിലാണ്. അവര്‍ കഠിനാധ്വാനം ചെയ്യാത്തവരല്ല. അതിനാല്‍ ബാറ്റും ബോളും തമ്മില്‍ ഒരു തുല്യ മത്സരം ഉണ്ടായാല്‍ അത് നല്ലതായിരിക്കും. നമുക്ക് മികച്ച ക്രിക്കറ്റും കാണാനാകും.'' ഗംഭീര്‍ പറഞ്ഞു.

എന്നിരുന്നാലും, ഈ തോല്‍വിക്ക് പിച്ചിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും ശക്തമായ ബാറ്റിംഗ് നിരയ്ക്കെതിരെ വലിയ ടോട്ടലുകള്‍ പ്രതിരോധിക്കാന്‍ ഇന്ത്യ വഴികള്‍ കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ''ഒരു തോല്‍വിയും നമ്മള്‍ അങ്ങനെ തള്ളിക്കളയാറില്ല. നമ്മള്‍ ഒരു ലോക ചാമ്പ്യന്‍ ടീമാണ്, അതിനാല്‍ നമ്മള്‍ ഇനിയും മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്നു. ഫ്‌ളാറ്റ് പിച്ചുകളും മഞ്ഞുവീഴ്ചയും ബൗളിംഗിന് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് നമുക്കറിയാം. എങ്കിലും എതിര്‍ ടീമിനെ തടയാനുള്ള വഴികള്‍ നമ്മള്‍ കണ്ടെത്തിയേ തീരൂ.'' ഗംഭീര്‍ കൂട്ടിചേര്‍ത്തു. നാളെ ഇന്‍ഡോറിലാണ് മൂന്നാം ടി20.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ഷായ് ഹോപ്പ്, വെടിക്കെട്ടുമായി റൂഥര്‍ഫോര്‍ഡ്, റാഞ്ചിയില്‍ ഇന്ത്യയെ അടിച്ചൊതുക്കി വിന്‍ഡീസ് വീരഗാഥ
രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഇന്ത്യ എ; ഓസ്ട്രേലിയക്കെതിരെ കൂറ്റൻ തോല്‍വി; പരമ്പര നഷ്ടം