സെഞ്ചുറിയുമായി ഷായ് ഹോപ്പ്, വെടിക്കെട്ടുമായി റൂഥര്‍ഫോര്‍ഡ്, റാഞ്ചിയില്‍ ഇന്ത്യയെ അടിച്ചൊതുക്കി വിന്‍ഡീസ് വീരഗാഥ

Published : Oct 09, 2026, 10:58 PM IST
Shai Hope

Synopsis

അക്സര്‍ പട്ടേലിന്‍റെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയാണ് ഷായ് ഹോപ് വിന്‍ഡീസിന്‍റെ ജയവും രണ്ടാം ടി20 സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്.

റാഞ്ചി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം വിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 9 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.ക്യാപ്റ്റൻ ഷായ് ഹോപ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ഷെർഫൈൻ റൂഥര്‍ഫോര്‍ഡ് 37 പന്തില്‍ 84 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൊമാരിയോ ഷെപ്പേര്‍ഡ് 13 പന്തില്‍ 34 റണ്‍സുമായി വിജയത്തില്‍ ഷായ് ഹോപ്പിന് കൂട്ടായി.

അക്സര്‍ പട്ടേലിന്‍റെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയാണ് ഷായ് ഹോപ് വിന്‍ഡീസിന്‍റെ ജയവും രണ്ടാം ടി20 സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി മായങ്ക് യാദവ് 3 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസ് (1-1) ഒപ്പമെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കും. ടി20 ക്രിക്കറ്റില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. വിന്‍ഡീസ് പിന്തുടര്‍ന്ന ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ടി20സ്കോറുമാണിത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 249-5, വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ 252-4.

ഞെട്ടിച്ച് മായങ്ക് 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിന് തുടക്കത്തിലെ അടിതെറ്റി. ആദ്യ ഓവറില്‍ തന്നെ കാമിഷ പപുരാനെയും(4), ഷിമ്രോണ്‍ ഹെറ്റ്മെയറെയും(0) അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ മായങ്ക് വിന്‍ഡീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. തുടക്കത്തില്‍ 2 വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് അടിതുടര്‍ന്ന വിന്‍ഡീസ് ക്യാപ്റ്റൻ ഷായ ഹോപ്പ് റണ്‍നിരക്ക് നിലനിര്‍ത്തി. അക്സറിനെയും മായങ്കിനെയും അര്‍ഷ്ദീപിനെയും അടിച്ചുപറത്തിയ ഹോപ്പും റൊവ്മാന്‍ പവലും ചേര്‍ന്ന് വിന്‍ഡീസ് സ്കോര്‍ അഞ്ചോവറില്‍ 58 റണ്‍സിലെത്തിച്ചു. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മായങ്ക് യാദവ് റൊവ്മാന്‍ പവലിനെ(13 പന്തില്‍ 24) ബൗള്‍ഡാക്കി വിന്‍ഡീസിന് മൂന്നാം പ്രഹരമേല്‍പ്പിച്ചു.

എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഷെർഫൈന്‍ റൂഥര്‍ഫോര്‍ഡ് മായങ്കിനെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറിക്കും സിക്സിനും പറത്തി പവര്‍ പ്ലേയില്‍ വിന്‍ഡീസിനെ 72 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് ശേഷവും അടി തുടര്‍ന്ന വിന്‍ഡീസ് എട്ടാം ഓവറില്‍ 100 കടന്നു. 24 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹോപ്പും പടുകൂറ്റൻ സിക്സുകളുമായി റൂഥര്‍ഫോര്‍ഡും കളം നിറഞ്ഞതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇതിനിടെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ റൂഥര്‍ഫോര്‍ഡ് നല്‍കിയ ക്യാച്ച് മായങ്ക് യാദവ് കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ രണ്ടോവറില്‍ 39 റണ്‍സ് വഴങ്ങിയ അക്സര്‍ പട്ടേലാണ് കൂടുതല്‍ പ്രഹരമേറ്റുവാങ്ങിയത്. 24 പന്തില്‍ റൂഥര്‍ഫോര്‍ഡും അര്‍ധസെഞ്ചുറി തികച്ചു. പന്ത്രണ്ടാം ഓവറില്‍ വിന്‍ഡീസ് സ്കോര്‍ 150 കടന്നു. പിന്നാലെ കുല്‍ദീപിന്‍റെ പന്തില്‍ സഞ്ജുവിന്‍റെ തകര്‍പ്പൻ ക്യാച്ചില്‍ റൂഥര്‍ഫോര്‍ഡ്(37 പന്തില്‍ 84) പുറത്തായത് ഇന്ത്യക്ക് മത്സരത്തിലേക്ക് തിരികെ വരാന്‍ അവസരമൊരുക്കുമെന്ന് കരുതിയെങ്കിലും പിന്നീടെത്തിയ റൊമാരിയോ ഷെപ്പേര്‍ഡും അടി തുടര്‍ന്നു. ഏഴ് സിക്സും ഏഴ് ഫോറും പറത്തിയ റൂഥര്‍ഫോര്‍ഡ് ഷായ് ഹോപ്പിനൊപ്പം 54 പന്തില്‍ 120 റണ്‍സാണ് അടിച്ചുകൂട്ടിയത്.

റൂഥര്‍ഫോര്‍ഡ് മടങ്ങുമ്പോള്‍ അവസാന അഞ്ചോവറില്‍ 63 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്സര്‍ പട്ടേല്‍ എറിഞ്ഞ പതിനാറാം ഓവറില്‍ 12 റണ്‍സെടുത്ത വിന്‍ഡീസ് കുല്‍ദീപ് യാദവ് എറിഞ്ഞ പതിനേഴാം ഓവറില്‍ 3 സിക്സ് അടക്കം 24 റണ്‍സെടുത്ത് വിജയത്തിലേക്ക് ബാറ്റുവീശി. അവസാന മൂന്നോവറില്‍ ജയിക്കാന്‍ 28 റണ്‍സ് മാത്രം മതിയായിരുന്നു വിന്‍ഡീസിനെ ഷായ് ഹോപ്പും റൊമാരിയോ ഷെപ്പേര്‍ഡും ചേര്‍ന്ന് അവിശ്വസനീയ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഇന്ത്യക്കായി മായങ്ക് യാദവ് 36 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് 54 റണ്‍സിന് ഒരു വിക്കറ്റെടുത്തു. 3.3 ഓവര്‍ പന്തെറിഞ്ഞ അക്സര്‍ പട്ടേല്‍ 63റണ്‍സ് വഴങ്ങിയപ്പോള്‍ ശിവം ദുബെ രണ്ടോവറില്‍ 30ഉം നമന്‍ ധിര്‍ രണ്ടോവറില്‍ 25 റണ്‍സും അറ്‍ഷ്ദീപ് സിംഗ് നാലോവറില്‍ 45 റണ്‍സും വഴങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തത്. 41 പന്തില്‍ 82 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷാൻ കിഷന്‍ 22 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ അഭിഷേക് ശര്‍മ 12 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 44 റണ്‍സടിച്ച് പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രണ്ടാം ഏകദിനത്തിലും നാണംകെട്ട് ഇന്ത്യ എ; ഓസ്ട്രേലിയക്കെതിരെ കൂറ്റൻ തോല്‍വി; പരമ്പര നഷ്ടം
149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം, ദക്ഷിണാഫ്രിക്കക്കെതിരെ 'വയസൻ പട'യുമായി ഇറങ്ങി അപൂർവ്വ റെക്കോർഡിട്ട് ഓസ്ട്രേലിയ