
അഹമ്മദാബാദ്: ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ഉപദേശവുമായി മുന്‍ താരം സുനിൽ ഗവാസ്കർ. ആദ്യ പന്ത് മുതൽ തകർത്തടിക്കുന്ന ശൈലിക്ക് പകരം, തുടക്കത്തിൽ ഒരു സിംഗിൾ എടുത്തുകൊണ്ട് ഇന്നിംഗ്സ് പടുത്തുയർത്താൻ അഭിഷേക് ശ്രദ്ധിക്കണമെന്ന് ഗവാസ്കർ പറഞ്ഞു.
ടി20 ലോകകപ്പിൽ അമേരിക്കയ്ക്കും പാകിസ്ഥാനുമെതിരായ മത്സരങ്ങളിലാണ് അഭിഷേക് റണ്ണൊന്നുമെടുക്കാതെ പുറത്തായത്. ഇതില്‍ അമേരിക്കക്കെതിരെ അഭിഷേക് ഗോള്‍ഡന്‍ ഡക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌പോർട്‌സ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അഭിഷേകിന് ഉപദേശവുമായി ഗവാസ്കർ രംഗത്തെത്തിയത്.
അഭിഷേക് ശർമ്മയ്ക്ക് നൽകാനുള്ള എന്‍റെ ഉപദേശം ഇതാണ്, ക്രീസിലെത്തിയാല്‍ ആദ്യം ഒരു സിംഗിൾ എടുക്കൂ. അത്രമാത്രം. അത് കഴിഞ്ഞാൽ നിങ്ങൾക്ക് ആക്രമിച്ചു കളിക്കാം. കാലുകളുടെ വേഗം കൂട്ടുന്ന ഒരു അതിവേഗ സിംഗിൾ എടുത്താൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. അതിനുശേഷം സ്വന്തം ശൈലിയിലേക്ക് മാറുന്നതാകും ഉചിതമെന്നും ഗവാസ്കര്‍ പറഞ്ഞു.
ലോകകപ്പിന് മുന്നോടിയായി മികച്ച ഫോമിലായിരുന്ന അഭിഷേകിന് ലോകകപ്പിന്‍റെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. വയറിലുണ്ടായ അണുബാധയെത്തുടർന്ന് നമീബിയക്കെതിരായ മത്സരം അഭിഷേകിന് നഷ്ടമായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പാകിസ്ഥാനെതിരെ മടങ്ങിയെത്തിയെങ്കിലും 4 പന്തുകൾ നേരിട്ട് വീണ്ടും പൂജ്യത്തിന് പുറത്തായി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ഇന്ത്യൻ ഓപ്പണറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും ഇതോടെ അഭിഷേകിന്‍റെ തലയിലായിരുന്നു.
ന്യൂസിലൻഡിനെതിരെ സെഞ്ച്വറി നേടിയ അഭിഷേകിന്‍റെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഗവാസ്കർ കൂട്ടിിച്ചേർത്തു. ഇന്ത്യ ഇതിനോടകം സൂപ്പർ 8 ഘട്ടത്തിലേക്ക് യോഗ്യത നേടിയ സാഹചര്യത്തിൽ, നാളെ നടക്കുന്ന നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ സമ്മർദ്ദമില്ലാതെ കളിച്ച് ഫോം വീണ്ടെടുക്കാൻ അഭിഷേകിന് സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!