
കൊല്‍ക്കത്ത: ഇന്ത്യൻ ടീമിലെ തുടര്‍ച്ചയായ അവഗണനക്കിടയിലും ആഭ്യന്തര ക്രിക്കറ്റില്‍ ഞെട്ടിക്കുന്ന ബൗളിംഗ് പ്രകടനവുമായി ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. രഞ്ജി ട്രോഫി സെമിയില്‍ ജമ്മു കശ്മീരിനെതിരെ ബംഗാളിനായി 90 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്. ഷമിയുടെ തീപ്പൊരി ബൗളിംഗിന്‍റെ കരുത്തില്‍ ജമ്മു കശ്മീരിനെതിരെ ബംഗാള്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഒന്നാം ഇന്നിംഗ്സില്‍ 328 റണ്‍സിന് പുറത്തായപ്പോള്‍ ജമ്മു കശ്മീരിനെ 302 റണ്‍സിന് പുറത്താക്കിയാണ് ബംഗാള്‍ ലീഡ് നേടിയത്.
മത്സരത്തിന്‍റെ രണ്ടാം ദിനം തന്നെ ജമ്മു കശ്മീർ ടോപ്പ് ഓർഡറിനെ വിറപ്പിച്ച ഷമി, മൂന്നാം ദിനത്തിൽ വാലറ്റത്തെയും ചുരുട്ടിക്കെട്ടി. രാവിലെ പിച്ചിലുണ്ടായിരുന്ന ഈർപ്പം മുതലെടുത്ത ഷമി തന്‍റെ ട്രേഡ്മാർക്ക് സീം ബൗളിംഗിലൂടെ ബാറ്റർമാരെ വട്ടംകറക്കി. ജമ്മു കശ്മീരിന് വേണ്ടി പൊരുതിയ അബ്ദുൾ സമദ് (82), നായകൻ പരസ് ദോഗ്ര (58) എന്നിവരുടെ കൂട്ടുകെട്ട് തകർത്ത് ഷമി ബംഗാളിന് ലീഡ് നല്‍കുന്നതില്‍ നിർണായക പങ്കുവഹിച്ചു.
2023 ഏകദിന ലോകകപ്പിന് ശേഷം പരിക്കും ശസ്ത്രക്രിയയും കാരണം ദീർഘകാലം ടീമിന് പുറത്തായിരുന്ന ഷമിക്ക്, അടുത്തിടെ പുറത്തിറക്കിയ ബിസിസിഐ വാര്‍ഷിക കരാറിലും ഇടം ലഭിച്ചിരുന്നില്ല. എന്നാൽ രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനും സർവീസസിനുമെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഷമി, സെമിയിലെ എട്ട് വിക്കറ്റ് പ്രകടനത്തിലൂടെ വീണ്ടും സെലക്ടര്‍മാരുടെ ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്.
നീണ്ട സ്‌പെല്ലുകൾ എറിയാനുള്ള കരുത്തും പഴയ വേഗതയും ഷമി വീണ്ടെടുത്തതോടെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ഇനി അദ്ദേഹത്തെ മാറ്റിനിർത്തുക പ്രയാസകരമാകും. ബംഗാൾ രഞ്ജി ഫൈനലിലെത്തിയാല്‍ ഫൈനലിലെ പ്രകടനവും ഷമിയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ബിസിസിഐയുടെ ഗുഡ്ബുക്കിലില്ലാതിരുന്ന ഇഷാന്‍ കിഷന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയതുപോലെ അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലെത്തുകയാണ് ഷമിയുടെ ലക്ഷ്യം.ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കുനേരെ വിവാദ പ്രസ്താവന നടത്തിയതാണ് ഷമിയെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരിക്കാനും വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കാനും കാരണമായതെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!