
ധരംശാല: ഐപിഎല്‍ ക്വാളിഫയര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഏറ്റ തോല്‍വിക്ക് പിന്നാലെ മാധ്യമങ്ങളോട് കയതര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ് താരം ഗ്ലെന്‍ ഫിലിപ്‌സ്. മത്സരത്തിന്റെ പ്ലെയിങ് ഇലവനില്‍ ഇല്ലാതിരുന്നിട്ടും ഫിലിപ്‌സ് മാധ്യമങ്ങളെ കാണാന്‍ എത്തിയത് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിനിടയില്‍ ഒരു റിപ്പോര്‍ട്ടര്‍ ഉന്നയിച്ച ചോദ്യമാണ് ന്യൂസിലാന്‍ഡ് താരത്തെ ചൊടിപ്പിച്ചത്. ആര്‍സിബി ബോര്‍ഡില്‍ 254 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയപ്പോള്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് മനസ്സുകൊണ്ട് തോല്‍വി സമ്മതിച്ചിരുന്നോ എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
ഇതിന് കടുത്ത ഭാഷയിലാണ് ഫിലിപ്‌സ് മറുപടി നല്‍കിയത്... ''ഈ ചോദ്യം വിഡ്ഢിത്തമാണ്, തികച്ചും മോശം ചോദ്യം. നമ്മള്‍ തോല്‍വി സമ്മതിക്കാന്‍ പോവുകയാണ് എന്ന് ചിന്തിച്ച് ആരും കളിക്കളത്തിലേക്ക് ഇറങ്ങാറില്ല. പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ എന്തിനാണ് അങ്ങനെ ചെയ്യുന്നത്? ഞങ്ങള്‍ കളത്തില്‍ ഇറങ്ങി ഞങ്ങളുടെ പരമാവധി ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ 250 റണ്‍സ് പിന്തുടരുമ്പോള്‍ എല്ലാം അനുകൂലമായി വരണമെന്നില്ല. കാര്യങ്ങള്‍ അനുകൂലമാക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്, എന്നാല്‍ അത് നടന്നില്ല.'' ഫിലിപ്‌സ് പറഞ്ഞു.
മത്സരത്തില്‍ 254 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് 162 റണ്‍സിന് പുറത്താവുകയും 92 റണ്‍സിന്റെ വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍ എന്നിവരടങ്ങിയ ഗുജറാത്തിന്റെ മുന്‍നിര പെട്ടെന്ന് തകര്‍ന്നത് സ്‌കോര്‍ബോര്‍ഡ് സമ്മര്‍ദ്ദം മൂലമാണെന്ന് ഫിലിപ്‌സ് സമ്മതിച്ചു. പഞ്ചാബ് കിങ്‌സിനെപ്പോലെ ചില ടീമുകള്‍ ഇത്തരം വലിയ സ്‌കോറുകള്‍ മുന്‍പ് പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ടെങ്കിലും, അത് വിചാരിക്കുന്നത്ര എളുപ്പമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ കളിക്കാതിരുന്നിട്ടും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ എന്തെങ്കിലും അപരിചിതത്വം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഫിലിപ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു... ''ഒരു കുഴപ്പവുമില്ല, ഇതെല്ലാം ടീമിന്റെ ഭാഗമാണ്. ഞങ്ങള്‍ എല്ലാവരും ഒരൊറ്റ ടീമാണ്, എല്ലാവര്‍ക്കും ഒരേപോലെ മാധ്യമ ചുമതലകളുമുണ്ട്. മത്സരത്തില്‍ കളിക്കാതിരുന്ന ഒരാളുടെ വീക്ഷണം ചിലപ്പോള്‍ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ഇനി എലിമിനേറ്റര്‍ മത്സരം കളിക്കാന്‍ പോകുന്ന സഹതാരങ്ങള്‍ക്ക് ഇത് ആശ്വാസമാകും. അടുത്ത മത്സരത്തിനായി സ്വയം സജ്ജരാകുക എന്നത് മാത്രമാണ് ഇപ്പോള്‍ പ്രധാനം.'' ഫിലിപ്‌സ് കൂട്ടിചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!