
മെല്‍ബണ്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ കണങ്കാലിന് പരിക്കേറ്റ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനെ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കി. മാര്‍ഷിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കും. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ അവസാന മത്സരത്തില്‍ നിന്ന് വിട്ടുനിന്ന മാര്‍ഷ്, വിദഗ്ദ്ധ ചികിത്സയ്ക്കായി ഓസ്ട്രേലിയയിലേക്ക് മടങ്ങി. വരുന്ന ശനിയാഴ്ച റാവല്‍പിണ്ടിയില്‍ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഓസ്ട്രേലിയയുടെ പതിവ് ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സിനും നഷ്ടമാകും.
ഐപിഎല്‍ പ്ലേ-ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനാലാണ് കമ്മിന്‍സ് ഈ പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വൈകിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നത് ഇങ്ങനെ... ''മാര്‍ഷ് നിലവില്‍ പെര്‍ത്തില്‍ തുടരും. വിദഗ്ദ്ധ പരിശോധനകള്‍ക്കും ചികിത്സയ്ക്കും ശേഷം മാത്രമേ അദ്ദേഹത്തിന് എപ്പോള്‍ കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന് വ്യക്തമാകൂ. ബംഗ്ലാദേശിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ അദ്ദേഹം കളിക്കുമോ എന്ന കാര്യം പിന്നീട് തീരുമാനിക്കും.'' ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്ന മറ്റൊരു സീനിയര്‍ താരം ട്രാവിസ് ഹെഡിനും ഐപിഎല്‍ മത്സരങ്ങള്‍ ഉള്ളതിനാല്‍ പാകിസ്ഥാന്‍ പരമ്പരയില്‍ ഇടം ലഭിച്ചില്ല. ഇതോടെയാണ് ഓസ്ട്രേലിയയുടെ നാലാമത്തെ ചോയ്സ് ആയ ജോഷ് ഇന്‍ഗ്ലിസിന് ക്യാപ്റ്റന്‍സി ലഭിക്കുന്നത്. ഇതിന് മുന്‍പ് ഒരേയൊരു തവണ മാത്രമാണ് ഇന്‍ഗ്ലിസ് ഓസ്ട്രേലിയയെ നയിച്ചിട്ടുള്ളത് 2024 നവംബറില്‍ പെര്‍ത്തില്‍ വെച്ച് പാകിസ്ഥാനെതിരെ തന്നെയായിരുന്നു അത്.
പാകിസ്ഥാന്‍ പരമ്പരയ്ക്ക് ശേഷം ജൂണ്‍ 9 മുതല്‍ ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ ഓസ്ട്രേലിയ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!