ബ്രണ്ടന്‍ മക്കല്ലത്തിന് ശേഷം നേട്ടം കൊയ്യുന്ന ന്യൂസിലന്‍ഡ് താരം;  റെക്കോര്‍ഡ് പട്ടികയില്‍ ഗ്ലെന്‍ ഫിലിപ്‌സ്

By Web TeamFirst Published Oct 29, 2022, 6:10 PM IST
Highlights

സെഞ്ചുറി നേടിയതോടെ ചില നേട്ടങ്ങളും ഫിലിപ്‌സിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ നാലാം നമ്പറിലോ അതിന് ശേഷമോ ക്രീസിലെത്തി സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് ഫിലിപ്‌സ്.

സിഡ്‌നി: ക്രിക്കറ്റ് കരിയറില്‍ എക്കാലത്തും ഓര്‍ക്കപ്പെടുന്ന ഇന്നിംഗ്‌സാണ് ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്്‌സ് പുറത്തെടുത്തത്. ടി20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ കിവീസ് മൂന്നിന് 15 എന്ന നിലയില്‍ തകര്‍ന്നപ്പോഴാണ് ഫിലിപ്‌സ് രക്ഷകനായി അവതരിച്ചത്. 64 പന്തില്‍ 104 റണ്‍സാണ് താരം നേടിയത്. ഫിലിപ്‌സിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.

സെഞ്ചുറി നേടിയതോടെ ചില നേട്ടങ്ങളും ഫിലിപ്‌സിനെ തേടിയെത്തി. ടി20 ക്രിക്കറ്റില്‍ നാലാം നമ്പറിലോ അതിന് ശേഷമോ ക്രീസിലെത്തി സെഞ്ചുറി പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് ഫിലിപ്‌സ്. അതോടൊപ്പം ടി20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ന്യൂസിലന്‍ഡ് താരം കൂടിയാണ് ഫിലിപ്‌സ്. 2012ല്‍ ബംഗ്ലാദേശിനെതിരെ മുന്‍ കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം സെഞ്ചുറി നേടിയിരുന്നു. 

ടി20 ലോകകപ്പില്‍ ഒരു ന്യൂസിലന്‍ഡ് താരത്തിന്റെ ഉയര്‍ന്ന സ്‌കോറും മക്കല്ലത്തിന്റെ പേരിലാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തെത്താന്‍ ഫിലിപ്‌സിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം സ്‌കോട്‌ലന്‍ഡിനെതിരെ ദുബൈയില്‍ 93 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് മൂന്നാമത്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ പുറത്താവാതെ 92 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വെ നാലാമതായി.

പാകിസ്ഥാനെതിരായ കോലി ക്ലാസ്; അമ്പരപ്പ് അവസാനിക്കുന്നില്ല, അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റും

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 65 റണ്‍സിന്റെ ജയാണ് ന്യൂസിലന്‍ഡ് നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് ഗ്ലെന്‍ ഫിലിപ്‌സിന്റെ (104) സെഞ്ചുറി കരുത്തില്‍ 167 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ലങ്ക 19.2 ഓവറില്‍ 101ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ശ്രീലങ്കയെ തകര്‍ത്തത്. 

ഇതോടെ മൂന്ന് മത്സരങ്ങളില്‍ കിവീസിന് അഞ്ച് പോയിന്റായി. രണ്ട് തോല്‍വിയും ഒരു ജയവുമുള്ള ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തോല്‍വിയോടെ ലങ്കയുടെ സെമി പ്രതീക്ഷകളും തുലാസിലായി.

click me!