ഗ്ലോബല്‍ ടി20യില്‍ തുടക്കത്തിലെ കല്ലുകടി; പ്രതിഫലം നല്‍കാത്തതിനെത്തുടര്‍ന്ന് കളിക്കാരുടെ പ്രതിഷേധം

By Web TeamFirst Published Aug 8, 2019, 3:02 PM IST
Highlights

പ്രതിഫലം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കളിക്കാര്‍ ഹോട്ടലില്‍ നിന്ന് ടീം ബസില്‍ കയറാന്‍ വിസമ്മതിച്ചതാണ് മത്സരം വൈകാന്‍ കാരണമായത്.

ടൊറാന്റോ: ഗ്ലോബല്‍ ടി20 ചാമ്പ്യന്‍ഷിപ്പില്‍ തുടക്കത്തിലെ കല്ലുകടി. പ്രതിഫലം നല്‍കാത്തതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി കളിക്കാര്‍ രംഗത്തെത്തിയതോടെ യുവരാജ് സിംഗ് ക്യാപ്റ്റനായ ടൊറാന്റോ നാഷണല്‍സും ഓസീസ് മുന്‍ താരം ജോര്‍ജ് ബെയ്‌ലിയുടെ മോണ്‍ട്രിയാല്‍ ടൈഗേഴ്സും തമ്മിലുള്ള മത്സരം രണ്ട് മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. പ്രതിഫലം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കളിക്കാര്‍ ഹോട്ടലില്‍ നിന്ന് ടീം ബസില്‍ കയറാന്‍ വിസമ്മതിച്ചതാണ് മത്സരം വൈകാന്‍ കാരണമായത്.

എന്നാല്‍ നടപടിക്രമങ്ങളിലെ കാലതാമസം കൊണ്ട് മാത്രമാണ് മത്സരം വൈകിയതെന്നും കളിക്കാരും സംഘാടകരും ടീം ഉടമകളുമായുള്ള ചര്‍ച്ചകളെത്തുടര്‍ന്ന് പ്രശ്നം പരിഹരിച്ചുവെന്നും സംഘാടകര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. പ്രാദേശിക സമയം 12.40 ന് തുടങ്ങേണ്ടിയിരുന്ന മത്സരം കളിക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 2.30നാണ് ആരംഭിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറാന്റോ നാഷണല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ മോണ്‍ട്രിയാല്‍ ടൈഗേഴ്സ് 19.3 ഓവറില്‍ 154 റണ്‍സിന് ഓള്‍ ഔട്ടായി. യുവരാജ് സിംഗിന്റെ അഭാവത്തില്‍ ഹെന്‍റിക്കസ് ആണ് ടൊറാന്റോ ടീമിനെ നയിച്ചത്. ജയത്തോടെ ടൊറാന്റോ പ്ലേ ഓഫ് ഉറപ്പിച്ചു.

അതേസമയം, ഈ രണ്ട് ടീമുകളിലെ കളിക്കാര്‍ക്ക് മാത്രമല്ല മറ്റ് ടീമുകളിലെ കളിക്കാരും പ്രതിഫലം ലഭിക്കാത്തതിന്റെ പേരില്‍ കടുത്ത പ്രതിഷേധത്തിലാണെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഫലം നല്‍കിയില്ലെങ്കില്‍ പ്ലേ ഓഫില്‍ കളിക്കാന്‍ ഇറങ്ങില്ലെന്ന് സംഘാടകരായ ബോംബെ സ്പോര്‍ട്സ് ലിമിറ്റഡിന് കളിക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

click me!