കളിക്കാരുടെ പോക്കറ്റില്‍ സാനിറ്റൈസര്‍, ഗ്ലൗസ് ധരിച്ച് അമ്പയര്‍; കൊവിഡ് കാലത്തെ ക്രിക്കറ്റ് ഇനി ഇങ്ങനെ

By Web TeamFirst Published May 24, 2020, 3:00 PM IST
Highlights

എല്ലാ കളിക്കാരുടെയും കൈകളിലൂടെ കൈമാറിവരുന്ന പന്ത് അമ്പയറുടെ കൈകളിലും എത്തുമെന്നതിനാല്‍ സുരക്ഷാ ഗ്ലൗസ് ധരിച്ചാവും അമ്പയര്‍മാര്‍ ഫീല്‍ഡിലിറങ്ങുക.

ദുബായ്: കൊവിഡ് ആശങ്കയെത്തുടര്‍ന്ന് ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള പുനരാരംഭിക്കുമ്പോള്‍ സ്വാകരിക്കേണ്ട മാര്‍ഗരേഖ ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പന്തില്‍ തുപ്പല്‍ തേക്കുന്നത് നേരത്തെ വിലക്കിയ ഐസിസി കളിക്കാരും മാച്ച് ഒഫീഷ്യല്‍സും നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ആരാധകര്‍ കാണുന്നത് എന്തൊക്കെയായിരിക്കും എന്ന് നോക്കാം.

ഗ്ലൗസ് ധരിച്ച അമ്പയര്‍

എല്ലാ കളിക്കാരുടെയും കൈകളിലൂടെ കൈമാറിവരുന്ന പന്ത് അമ്പയറുടെ കൈകളിലും എത്തുമെന്നതിനാല്‍ സുരക്ഷാ ഗ്ലൗസ് ധരിച്ചാവും അമ്പയര്‍മാര്‍ ഫീല്‍ഡിലിറങ്ങുക. അതുപോലെ പന്തെറിയാനെത്തുമ്പോള്‍ കളിക്കാരുടെ സണ്‍ ഗ്ലാസുകളും തൊപ്പിയും മേല്‍ക്കുപ്പായവും വാങ്ങി സൂക്ഷിക്കാനും ഇനിമുതല്‍ അമ്പയര്‍മാര്‍ തയാറായെന്ന് വരില്ല. ഇവയെല്ലാം കളിക്കാര്‍ സ്വന്തം നിലക്ക് സൂക്ഷിക്കേണ്ടിവരും.

കളിക്കാരുടെ പോക്കറ്റില്‍ സാനിറ്റൈസര്‍


ക്രിക്കറ്റ് പന്ത് ഒരുപാട് കളിക്കാരുടെ കൈകളിലൂടെ കൈമാറുന്നതാണെന്നതിനാല്‍  കളിക്കാര്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കേണ്ടിവരാം. എന്നാല്‍ ബൗണ്ടറിക്ക് അരികിലെത്തി സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കുക സമയനഷ്ടമുണ്ടാക്കും എന്നതിനാല്‍ സാനിറ്റൈസര്‍ സാഷെയോ ബോട്ടിലുകളോ പോക്കറ്റില്‍ കരുതാന്‍ ഒരുപക്ഷെ കളിക്കാരെ അനുവദിച്ചേക്കും. ബൗണ്ടറി ലൈനിന് പുറത്തും സാനിറ്റൈസര്‍ ബോട്ടിലുകള്‍ ഇടം പിടിക്കും. മത്സരത്തിനിടെ ഇടക്കിടെ കളിക്കാര്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അമുമുക്തമാക്കേണ്ടിവരും.

കണ്ണിലും മൂക്കിലും തൊടരുത്

കളിക്കാര്‍ ഇടക്കിടെ കണ്ണിലും മൂക്കിലും തൊടുന്നതിനും നിയന്ത്രണം വരും. പന്തെറിയുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും കൈകള്‍ കൊണ്ട് കണ്ണിലോ മൂക്കിലോ തൊടുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കേണ്ടിവരും.

വെളളം പങ്കുവെക്കേണ്ട


കളിക്കിടെയുള്ള ഡ്രിങ്ക് ബ്രേക്കില്‍ വെള്ളം കുടിക്കുമ്പോള്‍ ഒരു ബോട്ടില്‍ തന്നെ കളിക്കാര്‍ തമ്മില്‍ പരസ്പരം പങ്കുവെക്കുന്നതിനും നിയന്ത്രണം വരും. അതുപോലെ വിയര്‍പ്പ് തുടച്ചുമാറ്റാനുള്ള ടവലുകളും ഇത്തരത്തില്‍ പങ്കുവെക്കാനാവില്ല.

ചുമയും തുമ്മലും കൈമുട്ടില്‍

കളിക്കിടെ ചുമക്കാനോ തുമ്മാനോ തോന്നിയാല്‍ കൈമുട്ടുകള്‍കൊണ്ട് മുഖം മറച്ച് ചെയ്യേണ്ടിവരും.

ആഘോഷങ്ങള്‍ അതിരുവിടേണ്ട

കളിയില്‍ വിക്കറ്റ് വീഴ്ത്തുമ്പോഴും വിജയ റണ്‍ നേടുമ്പോഴും സെഞ്ചുറി നേടുമ്പോഴുമുള്ള ആഘോഷങ്ങള്‍ അതിരുവിടരുത്. പരസ്പരം ആലിംഗനം ചെയ്തുള്ള ആഘോഷങ്ങളെ കൈ കൊടുത്തുള്ള ആഘോഷങ്ങളോ പരമാവധി ഒഴിവാക്കേണ്ടിവരും.

ഡ്രസ്സിംഗ് റൂമിലും സാമൂഹിക അകലം

ഡ്രസ്സിംഗ് റൂമിലും കളിക്കാര്‍ തമ്മില്‍ സാമൂഹിക അകലം പാലിച്ച് ഇരിക്കേണ്ടിവന്നേക്കാം. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാണെന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങളുണ്ട്.

click me!