
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ടീം ഇന്ത്യക്കായി പേസര്‍ ജസ്‌പ്രീത് ബുമ്രയും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും കളിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. പരിക്കിന്‍റെ പിടിയിലായിരുന്ന ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികില്‍സയിലും പരിശീലനത്തിലുമായിരുന്നു. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കേ ഏഷ്യാ കപ്പിലെ പ്രകടനവും ഫോമും ഫിറ്റ്‌നസും നിര്‍ണായകമായ സാഹചര്യത്തില്‍ കൂടിയാണ് സൂപ്പര്‍ താരങ്ങള്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്.
അടുത്തിടെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ പൂര്‍ത്തിയായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജസ്‌പ്രീത് ബുമ്രക്കും ശ്രേയസ് അയ്യര്‍ക്കും കളിക്കാനായിരുന്നില്ല. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി ആദ്യമായി പരാതിപ്പെട്ടത്. 2019ല്‍ ഏറ്റ പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത്. പുറംവേദന കാരണം 2022 ഒക്ടോബര്‍ മുതല്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ബുമ്ര. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഓസ്ട്രേലിയക്ക് എതിരെ ട്വന്‍റി 20 മത്സരത്തിലാണ് ബുമ്ര അവസാനമായി കളിച്ചത്. 2022ലെ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ഐപിഎല്‍ 2023 ഉം കൂടാതെ ടീം ഇന്ത്യയുടെ നിരവധി പരമ്പരകളും ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമായിരുന്നു. ന്യൂസിലന്‍ഡില്‍ വച്ച് നടന്ന ശസ്‌ത്രക്രിയക്ക് ശേഷമാണ് ബുമ്ര ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവിന് തയ്യാറെടുക്കുന്നത്. ബുമ്രയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതില്‍ എന്‍സിഎയ്‌ക്ക് വീഴ്‌ചയുണ്ടായതായി വിമര്‍ശനം ശക്തമായിരുന്നു.
പുറംവേദനയ്‌ക്ക് യുകെയില്‍ വച്ചായിരുന്നു ശ്രേയസ് അയ്യരുടെ ശസ്‌ത്രക്രിയ. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ വീണ്ടും പുറംവേദന കലശലായതോടെയാണ് അയ്യരെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസം കളിച്ച ശേഷം പുറംവേദന കാരണം താരത്തിന് മൈതാനത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍. പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇതിന് ശേഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കുക.