'ടെസ്റ്റ് ക്രിക്കറ്റ് അതിജീവിക്കും'; ഒറ്റക്കാര്യം ശ്രദ്ധിച്ചാല്‍ മതിയെന്ന് സച്ചിന്‍

By Web TeamFirst Published Aug 25, 2019, 4:44 PM IST
Highlights

തകര്‍പ്പന്‍ ബൗളിംഗ് സ്‌പെല്ലുകളും മികച്ച ബാറ്റിംഗുമാണ് കാണികള്‍ക്ക് ആവശ്യമെന്നും സച്ചിന്‍

മുംബൈ: മികച്ച പിച്ചുകള്‍ ഉണ്ടാക്കിയാല്‍ ടെസ്റ്റ് ക്രിക്കറ്റ് അതിജീവിക്കുമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 'പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഹൃദയം. മികച്ച പിച്ചുകളുണ്ടാക്കിയാല്‍ ടെസ്റ്റ് ക്രിക്കറ്റ് ബോറടിപ്പിക്കില്ല, നിരാശയുണ്ടാക്കില്ല. തകര്‍പ്പന്‍ ബൗളിംഗ് സ്‌പെല്ലുകളും മികച്ച ബാറ്റിംഗുമാണ് കാണികള്‍ക്ക് ആവശ്യം' എന്നും 200 ടെസ്റ്റുകള്‍ കളിച്ച ഇതിഹാസ താരം പറഞ്ഞു. 

ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറും ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തും തമ്മില്‍ തീപാറും പോരാട്ടം നടന്ന ലോഡ്‌സ് ആഷസ് ടെസ്റ്റ് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ അഭിപ്രായം വ്യക്തമാക്കിയത്. 'സ്‌മിത്തിന് നിര്‍ഭാഗ്യവശാല്‍ പരുക്കേറ്റു, അത് അദേഹത്തിന് കനത്ത തിരിച്ചടിയുമായി. എന്നാല്‍ സ്‌മിത്ത്- ജോഫ്ര പോരാട്ടം അതിശയിപ്പിക്കുന്നതും ടെസ്റ്റ് ക്രിക്കറ്റിലേക്ക് എവരുടെയും ശ്രദ്ധതിരിയുകയും ചെയ്തു' എന്നും മുംബൈ ഹാഫ് മാരത്തണിനിടെ സച്ചിന്‍ പറഞ്ഞു. 

'നാലോ അഞ്ചോ ആഴ്‌ചകള്‍ക്ക് മുന്‍പാണ് ഏകദിന ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നത്. എന്നാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് ആരും സംസാരിക്കുന്നില്ല. എല്ലാവരും ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിക്കുന്നത്' എന്നും വിഖ്യാത താരം പറഞ്ഞു. കരിയറില്‍ 200 ടെസ്റ്റുകള്‍ കളിച്ച ഏക താരമായ സച്ചിന്‍ 15921 റണ്‍സ് നേടിയിട്ടുണ്ട്. 51 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും 68 അര്‍ധ സെഞ്ചുറികളും സച്ചിന്‍റെ പേരിലുണ്ട്. 

click me!