
ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമി ഫൈനലില്‍ ബംഗ്ലാദേശ് എ ടീമിനെതിരെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ദോഹയില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. നമന്‍ ധിര്‍ (3), പ്രിയാന്‍ഷ് ആര്യ (21) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന്‍ സോഹന്റെ (46 പന്തില്‍ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എസ് എം മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്.
വൈഭവ് സൂര്യവന്‍ഷിയുടെ (15 പന്തില്‍ 38) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയ ശേഷമാണ് വൈഭവ് മടങ്ങുന്നത്. ഒന്നാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യക്കൊപ്പം 53 റണ്‍സ് ചേര്‍ക്കാന്‍ വൈഭവിന് സാധിച്ചിരുന്നു. എന്നാല്‍ നാലാം ഓവറില്‍ പുറത്തായി. നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. നേരത്തെ, ഗംഭീര തുടക്കമായിരുന്നു ബംഗ്ലാദേശിന്. ഒന്നാം വിക്കറ്റില്‍ സോഹന്‍ - ജിഷാന്‍ ആലം (14 പന്തില്‍ 26) സഖ്യം 43 റണ്‍സ് ചേര്‍ത്തു. എന്നാല്‍ അഞ്ചാം ഓവറില്‍ ജിഷാന്‍ മടങ്ങിയതിന് പിന്നാലെ റണ്‍നിരക്ക് കുറഞ്ഞു.
സവാദ് അബ്രാര്‍ (13), അക്ബര്‍ അലി (9), അബു ഹൈദര്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ സോഹനും മടങ്ങി. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. പിന്നീട് അവസാന രണ്ട് ഓവറുകളില്‍ മെഹറോബും - യാസര്‍ അലിയും (9 പന്തില്‍ പുറത്താവാതെ 17) നടത്തിയ പ്രകടനമാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. ഇരുവരും 64 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്ക് വേണ്ടി ഗുര്‍ജപ്‌നീത് സിംഗ് രണ്ട് വിക്കറ്റെടുത്തു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒമാനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്ഥാനെതിരെ ടീം പരാജയപ്പെടുകയായിരുന്നു. മറ്റൊരു സെമിയില്‍ പാകിസ്ഥാന്‍ ശ്രീലങ്കയെ നേരിടും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ എ: പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവംശി, നമന്‍ ധിര്‍, നെഹാല്‍ വധേര, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, അശുതോഷ് ശര്‍മ, രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, ഗുര്‍ജപ്നീത് സിംഗ്, സുയാഷ് ശര്‍മ.
ബംഗ്ലാദേശ്: ഹബീബുര്‍ റഹ്മാന്‍ സോഹന്‍, ജിഷാന്‍ ആലം, സവാദ് അബ്രാര്‍, അക്ബര്‍ അലി (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), മഹിദുല്‍ ഇസ്ലാം അങ്കോണ്‍, യാസിര്‍ അലി, എസ്എം മെഹറോബ്, അബു ഹൈദര്‍ റോണി, റാക്കിബുള്‍ ഹസന്‍, അബ്ദുള്‍ ഗഫാര്‍ സഖ്‌ലെയ്ന്‍, റിപ്പണ്‍ മണ്ഡല്‍.