
രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് മികച്ച തുടക്കം. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തിട്ടുണ്ട്. ഹര്‍ലീന്‍ ഡിയോള്‍ (0), ജമീമ റോഡ്രിഗസ് (2) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആദ്യ ഏകദിനം ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും.
സമീപകാലത്ത് മികച്ച ഫോമിലാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ആ ഫോം രണ്ടാം മത്സരത്തിലും തുടര്‍ന്നു. 19-ാം ഓവറിന്‍റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 73 റണ്‍സെടുത്ത മന്ദാനയെ ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് പുറത്താക്കി. രണ്ട് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ പ്രതികയും മടങ്ങി. ജോര്‍ജിന ഡെംപ്സിയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്ന ഇന്നിംഗ്സ്. തന്റെ അഞ്ചാമത്തെ മാത്രം ഇന്നിംഗ്‌സ് കളിക്കുന്ന പ്രതികയുടെ മൂന്നാം അര്‍ധ സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തില്‍ 89 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു പ്രതിക. മാത്രമല്ല, മത്സരത്തിലെ താരവും പ്രതിക തന്നെ. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേയും 24കാരി അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ആദ്യ ഏകദിനം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇതോടെ മലയാളി താരം മിന്നു മണി ഇന്നും പുറത്തിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), പ്രതീക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, തേജല്‍ ഹസബ്‌നിസ്, റിച്ച ഘോഷ് (വിക്കറ്റ കീപ്പര്‍), ദീപ്തി ശര്‍മ, സയാലി സത്ഘരെ, സൈമ താക്കൂര്‍, പ്രിയ മിശ്ര, തിദാസ് സദു.
അയര്‍ലന്‍ഡ്: സാറാ ഫോര്‍ബ്‌സ്, ഗാബി ലൂയിസ് (ക്യാപ്റ്റന്‍), കൗള്‍ട്ടര്‍ റെയ്ലി (വിക്കറ്റ് കീപ്പര്‍), ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, ലോറ ഡെലാനി, ലിയ പോള്‍, ആര്‍ലിന്‍ കെല്ലി, അവ കാനിംഗ്, ജോര്‍ജിന ഡെംപ്സി, അലാന ഡാല്‍സെല്‍, ഫ്രേയ സാര്‍ജന്റ്.