ടി20യില്‍ ഇന്ത്യയുടെ ഭാവി നായകനെ നിര്‍ദേശിച്ച് ഗവാസ്കര്‍

By Web TeamFirst Published Sep 16, 2021, 9:54 PM IST
Highlights

അടുത്തിടെ രോഹിത്തിന്‍റെ അഭാവത്തില്‍ കോലിക്ക് കീഴില്‍ രാഹുല്‍ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. ഭാവി മുന്നില്‍ക്കണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ രാഹുലിനെ രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് എന്‍റെ അഭിപ്രായം.

മുംബൈ: ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഭാവി നായകനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ടി20 ടീമിന്‍റെ നായക സ്ഥാനത്ത് രോഹിത് ശര്‍മയാകും കോലിയുടെ പിന്‍ഗാമിയെന്നാണ് പൊതുവെയുള്ള വിലയിരുത്തലും പ്രതീക്ഷയും. രോഹിത് നായകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പുതിയൊരു പേര് നിര്‍ദേശിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. കെ എല്‍ രാഹുലിനെ കോലിയുടെ പിന്‍ഗാമിയാക്കണമെന്നാണ് ഗവാസ്കറുടെ നിര്‍ദേശം.

അടുത്തിടെ രോഹിത്തിന്‍റെ അഭാവത്തില്‍ കോലിക്ക് കീഴില്‍ രാഹുല്‍ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. ഭാവി മുന്നില്‍ക്കണ്ടാണ് തീരുമാനമെടുക്കുന്നതെങ്കില്‍ രാഹുലിനെ രോഹിത്തിന് കീഴില്‍ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് എന്‍റെ അഭിപ്രായം. പുതിയ നായകനെ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെങ്കില്‍ രാഹുലാണ് മികച്ച ചോയ്സ്. ടി20യില്‍ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും രാഹുല്‍ മികവ് കാട്ടിയിരുന്നു. ഐപിഎല്ലിലും ഏകദിന ക്രിക്കറ്റിലും രാഹുല്‍ മികവ് കാട്ടുന്നുണ്ട്. ഐപിഎല്ലില്‍ പ‍ഞ്ചാബ് കിംഗ്സ് നായകനെന്ന നിലയിലും രാഹുല്‍ മികവ് കാട്ടിയിട്ടുണ്ട്.

ക്യാപ്റ്റന്‍സിയുടെ ഭാരം ബാറ്റിംഗിനെ ബാധിക്കില്ലെന്ന് രാഹുല്‍ ഐപിഎല്ലില്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തീര്‍ച്ചയായും രാഹുലിനെ പരിഗണിക്കാവുന്നതാണെന്നും ഗവാസ്കര്‍ പറഞ്ഞു. കോലി ഒഴിയുന്നതോടെ രോഹിത് ടി20 ടീമിന്‍റെ നായകനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായകനായാല്‍ അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് വരെ രോഹിത് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ 19 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള രോഹിത്തിന് 15 വിജയങ്ങള്‍ നേടിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!