
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. കളിയിലും ക്യാപ്റ്റന്‍സിയും തഴക്കവും വഴക്കവും വന്ന ധോണിയും ഓള്‍റൗണ്ട് മികവുമായി മുന്നില്‍നിന്ന് നയിക്കുന്ന ഹാര്‍ദിക്കും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ളതാണ് ഉദ്ഘാടന മത്സരത്തിലെ പ്രത്യേകത.
റുതുരാജ് ഗെയ്ക്വാദ്, ബെന്‍ സ്റ്റോക്സ്, ഡെവോണ്‍ കോണ്‍വേ, ആംബാട്ടി റായ്ഡു എന്നിവരുടെ ബാറ്റിലേക്കാണ് സൂപ്പര്‍ കിംഗ്സ് ഉറ്റുനോക്കുന്നത്. മോയിന്‍ അലിയും രവീന്ദ്ര ജഡേജയും ശിവം ദുബേയും പന്തുകൊണ്ടും ബാറ്റുകൊണ്ടും കളിതിരിക്കാന്‍ ശേഷിയുള്ളവര്‍. ദീപക് ചാഹറിനെയും മിച്ചല്‍ സാന്റ്നറെയും മാറ്റിമിര്‍ത്തിയാല്‍ ധോണിക്ക് വിശ്വസിച്ച് പന്തേല്‍പിക്കാവുന്ന ബൗളര്‍മാരില്ല എന്നതാണ് ചെന്നൈയുടെ ദൗര്‍ബല്യം.
ഡേവിഡ് മില്ലറുടെ അഭാവം നികത്താനാവില്ലെങ്കിലും കെയ്ന്‍ വില്യംസന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ടൈറ്റന്‍സിന് കരുത്താവും. ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ ഫോമില്‍. റാഷിദ് ഖാന്‍, ശിവം മാവി, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി എന്നിവരുള്‍പ്പെട്ട ബൗളിംഗ് നിരയും സുസജ്ജം. ഹാര്‍ദിക്കിന്റെയും രാഹുല്‍ തെവാത്തിയയുടേയും ഓള്‍റൗണ്ട് മികവുകൂടി ചേരുമ്പോള്‍ ടൈറ്റന്‍സിന് ആശങ്കകളൊന്നുമില്ല. കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം.
ഇത്തവണ ഐപിഎല്ലില്‍ നടപ്പാക്കുന്ന ഇംപാക്ട് പ്ലേയര്‍ രീതി അനുസരിച്ച് നാല് കളിക്കാരെ ടോസ് സമയത്ത് തന്നെ ഇംപാക്ട് പ്ലേയറായി തെരഞ്ഞെടുക്കേണ്ടതുണ്ട്. ശിവം മാവി, കെ എസ് ഭരത്, ദര്‍ശന്‍ നാല്‍കണ്ഡേ എന്നിവരിലൊരാളായിരിക്കും ഗുജറാത്തിന്റെ ഇംപാക്ട് പ്ലേയര്‍ ആകുക എന്നാണ് സൂചന. അജിങ്ക്യാ രഹാനെ, ഷെയ്ക്ഖ് റഷീദ്, നിഷാന്ത് സിന്ധു എന്നിവരിലൊരാളാകും ചെന്നൈയുടെ ഇംപാക്ട് പ്ലേയറാകുക.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഡെവോണ്‍ കോണ്‍വെ, റിതുരാജ് ഗെയ്കവാദ്, ബെന്‍ സ്‌റ്റോക്‌സ്, അമ്പാട്ടി റായുഡു, മൊയീന്‍ അലി, ശിവം ദുബെ, എം എസ് ധോണി, രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാര്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ജോഷ്വാ ലിറ്റില്‍, യഷ് ദയാല്‍, അല്‍സാരി ജോസഫ്.
ഗുജറാത്തിന്‍റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് മഞ്ഞമയം; പവര്‍ കാട്ടി 'തല' ഫാന്‍സ്- ചിത്രങ്ങള്‍