ട്വന്റി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യൻ താരം റിങ്കു സിംഗ് അന്തരിച്ച പിതാവിനെ ഓർത്ത് വൈകാരിക കുറിപ്പ് പങ്കുവെച്ചു. 

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിനെ സംബന്ധിച്ച് സ്വപ്നതുല്യമായ നിമിഷമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയപ്പോള്‍ ലോകചാമ്പ്യന്‍ എന്ന പദവി റിങ്കുവിനെയും തേടിയെത്തി. എന്നാല്‍ ഈ മഹാവിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടയിലും റിങ്കുവിന്റെ മനസ്സ് വിങ്ങുകയാണ്. ഫൈനലിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച തന്റെ പിതാവിന്റെ ഓര്‍മ്മകളിലാണ് ഈ യുവതാരം.

ലോകകപ്പ് ട്രോഫി കൈയ്യിലേന്തുമ്പോള്‍ തന്റെ അച്ഛന്‍ എത്രത്തോളം സന്തോഷിക്കുമായിരുന്നു എന്ന് മാത്രമാണ് റിങ്കുവിന് ചിന്തിക്കാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ തന്റെ പിതാവിനെക്കുറിച്ച് റിങ്കു ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കുറിച്ചു. ''അച്ഛന്റെ സ്വപ്നം പൂര്‍ത്തിയായി, പക്ഷേ... അച്ഛനോട് സംസാരിക്കാതെ ഇത്രയധികം ദിവസങ്ങള്‍ ഇതിന് മുമ്പ് കടന്നുപോയിട്ടില്ല. അച്ഛനില്ലാതെ ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്ന് എനിക്കറിയില്ല... പക്ഷേ ഓരോ ചുവടിലും എനിക്ക് അച്ഛന്റെ സാന്നിധ്യം ആവശ്യമാണ്...'' റിങ്കു കുറിച്ചു.

View post on Instagram

കടമയാണ് എല്ലാറ്റിനും ഉപരിയെന്ന് അച്ഛനാണ് തന്നെ പഠിപ്പിച്ചതെന്നും അതിനാല്‍ മൈതാനത്ത് അച്ഛന്റെ സ്വപ്നം പൂര്‍ത്തിയാക്കാനാണ് താന്‍ ശ്രമിച്ചതെന്നും റിങ്കു പറഞ്ഞു. 'ഇപ്പോള്‍ അച്ഛന്റെ സ്വപ്നം സഫലമായിരിക്കുന്നു... പക്ഷേ നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. ചെറുതും വലുതുമായ ഓരോ സന്തോഷത്തിലും നിങ്ങളുടെ കുറവ് ഞാന്‍ അനുഭവിക്കും. അച്ഛനെ ഒരുപാട് മിസ്സ് ചെയ്യും..'' റിങ്കുവിന്റെ വാക്കുകളിലുണ്ട് എല്ലാം.

നാലാം ഘട്ടത്തിലെത്തിയ ലിവര്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന റിങ്കുവിന്റെ പിതാവ് ഫൈനലിന് തൊട്ടുമുമ്പാണ് അന്തരിച്ചത്. കുടുംബത്തിലെ വലിയൊരു ശൂന്യത ബാക്കിയാക്കി ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിനിടയിലും റിങ്കു സിംഗ് തന്റെ പ്രിയപ്പെട്ട പിതാവിന് ഈ വിജയം സമര്‍പ്പിച്ചു.

YouTube video player