Harbhajan : ഞാന്‍ ടീമിലുണ്ടാകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം, ചോദ്യവുമായി ഹര്‍ഭജന്‍; ഒളിയമ്പ് ആര്‍ക്കെതിരെ?

By Web TeamFirst Published Jan 1, 2022, 3:30 PM IST
Highlights

ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്തെന്ന കാരണങ്ങള്‍ ആരായാന്‍ ശ്രമിച്ചിരുന്നു, ഉത്തരം കിട്ടിയില്ലെന്ന് ഹര്‍ഭജന്‍. 

മുംബൈ: എം എസ് ധോണി (MS Dhoni) നായകനായ ഇന്ത്യന്‍ ടീമില്‍ നിന്ന് എങ്ങനെ പുറത്തായി എന്നതില്‍ മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh). തുടര്‍ന്ന് കളിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഒരു പരിധി കഴിഞ്ഞപ്പോള്‍ അവസാനിപ്പിച്ചതായി ഇന്ത്യ ടിവിയോട് ഹര്‍ഭജന്‍ പറഞ്ഞു. വിരമിക്കലിന് ദിവസങ്ങള്‍ മാത്രം പിന്നാലെയാണ് ഭാജിയുടെ പ്രതികരണം. 

ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്തെന്ന കാരണങ്ങള്‍ ആരായാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഉത്തരം ലഭിക്കാത്ത സാഹചര്യമുണ്ടായപ്പോള്‍ ചോദിക്കുന്നതില്‍ യുക്‌തിയില്ല എന്ന് തിരിച്ചറിഞ്ഞു. ആരെങ്കിലും നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നതില്‍ അര്‍ഥമില്ല. അത് അവിടെ വിടുകയാണ് നല്ലത്. എന്‍റെ ഭാഗത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ എനിക്കാകും. അല്ലാത്ത കാര്യങ്ങള്‍ ശ്രദ്ധിക്കില്ല. അതാണ് സംഭവിച്ചത്. 

2010ലോ 2011ലോ ആണ്, ലോകകപ്പ് നേടിയ ശേഷം ആ ടീം ഒരിക്കലും ചേര്‍ന്ന് കളിച്ചിട്ടില്ല. ലോകകപ്പ് നേടിയ ഒരു ടീമിലെ താരങ്ങള്‍ പിന്നീട് ഒരുമിച്ച് കളിക്കാത്തത് അത്ഭുതമാണ്. എന്‍റെ 400-ാം ടെസ്റ്റ് വിക്കറ്റ് നേടുമ്പോള്‍ 30 വയസായിരുന്നു പ്രായം. അതിന് ശേഷമുള്ള എട്ടൊമ്പത് വര്‍ഷം കൊണ്ട് കുറഞ്ഞത് നൂറിലധികം വിക്കറ്റ് നേടാനാകും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതിന് ശേഷം കളിക്കാന്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ല. ടെസ്റ്റില്‍ 400ലേറെ വിക്കറ്റുള്ള ഒരു സ്‌പിന്നര്‍ പിന്നീട് അപ്രത്യക്ഷനാകുന്നെങ്കില്‍ അത് അത്ഭുതമാണ്, എന്താണ് സംഭവിച്ചത്? ഞാന്‍ ടീമിലുണ്ടാകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം?- ഹര്‍ഭജന്‍ ചോദിച്ചു. 

ഇന്ത്യയുടെ മികച്ച സ്‌പിന്നര്‍മാരിലൊരാള്‍ 

രണ്ടര പതിറ്റാണ്ടോളം നീണ്ട കരിയറില്‍ 711 രാജ്യാന്തര വിക്കറ്റുകളുള്ള സ്‌പിന്നറാണ് ഹര്‍ഭജന്‍ സിംഗ്. 41കാരനായ ഹര്‍ഭജന്‍ സിംഗ് ടെസ്റ്റില്‍ അനില്‍ കുംബ്ലെക്കും കപില്‍ ദേവിനും ആര്‍ അശ്വിനും ശേഷം ഇന്ത്യയുടെ നാലാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്. 1998ല്‍ പതിനേഴാം വയസില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം ടെസ്റ്റില്‍ 103 മത്സരങ്ങളില്‍ 417 വിക്കറ്റും 236 ഏകദിനത്തില്‍ 269 വിക്കറ്റും 28 രാജ്യാന്തര ടി20യില്‍ 25 വിക്കറ്റും നേടി. 2007ലെ പ്രഥമ ടി20 ലോകകപ്പും 2011 ഏകദിന ലോകകപ്പും നേടിയ ടീമില്‍ അംഗമായി. ടെസ്റ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ ബൗളറാണ്. 

എന്നാല്‍ 2011 ലോകകപ്പിന് ശേഷം ടീമിലെ കസേര സ്ഥാനം നഷ്‌ടമായി. 2016ലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം കളിച്ചത്. എങ്കിലും ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുന്നുണ്ടായിരുന്നു. 163 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 150 വിക്കറ്റാണ് ഹര്‍ഭജന്‍റെ സമ്പാദ്യം. 

SA vs IND : റുതുരാജ് ഗെയ്‌ക്‌വാദ് അത്ഭുതങ്ങള്‍ കാട്ടുമെന്ന് പ്രതീക്ഷ; വാഴ്‌ത്തിപ്പാടി ചേതന്‍ ശര്‍മ്മ

click me!