ഐപിഎല്ലിലെയും അടുത്തിടെ അവസാനിച്ച വിജയ് ഹസാരേ ഏകദിന ടൂര്‍ണമെന്‍റിലേയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റുതുരാജ് ഗെയ്‌ക്‌വാദിനെ ടീമിലുള്‍പ്പെടുത്തിയത്

മുംബൈ: ഐപിഎല്ലിലും (IPL 2021) ആഭ്യന്തര ക്രിക്കറ്റിലും അടുത്ത കാലത്ത് ഗംഭീര ബാറ്റിംഗ് കാഴ്‌‌ചവെച്ച ഇന്ത്യ യുവ ബാറ്ററാണ് റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad). ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്‌ക്കുള്ള (South Africa vs India ODI Series 2022) ടീമിനെ ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ റുതുരാജിന്‍റെ പേരുമുണ്ടായിരുന്നു. രാജ്യത്തിനായി അത്ഭുതങ്ങള്‍ കാട്ടാന്‍ ഈ 24കാരനാകുമെന്ന് ചീഫ് സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ (Chetan Sharma) പ്രതീക്ഷ പ്രകടിപ്പിച്ചു

'തീര്‍ച്ചയായും, കൃത്യസമയത്ത് റുതുരാജ് ഗെയ്‌ക്‌വാദിന് ദേശീയ ടീമില്‍ അവസരം ലഭിച്ചു. നേരത്തെ രാജ്യാന്തര ടി20 കളിച്ചിട്ടുള്ള താരം ഇപ്പോള്‍ ഏകദിന ടീമിലെത്തിയിരിക്കുന്നു. രാജ്യത്തിനായി അത്ഭുത പ്രകടനം പുറത്തെടുക്കാന്‍ റുതുരാജിന് കഴിയും എന്നാണ് സെലക്‌ടര്‍മാരുടെ വിശ്വാസം. എപ്പോള്‍ കളിപ്പിക്കണം എന്നത് ടീം മാനേജ്‌മെന്‍റ് തീരുമാനിക്കും. മികച്ച പ്രകടനം പുറത്തെടുക്കുന്നതിനുള്ള അംഗീകാരമായാണ് റുതുരാജിനെ ഏകദിന ടീമിലേക്ക് ഉള്‍പ്പെടുത്തിയത്' എന്നും ചേതന്‍ ശര്‍മ്മ വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 18 അംഗ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മയ്‌ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ കെ എല്‍ രാഹുലാണ് നായകന്‍. പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് ഉപനായകന്‍. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടീമിലുണ്ട്. വെറ്ററന്‍ സ്‌പിന്നര്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അശ്വിന്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയെ പരിഗണിക്കാതിരുന്നപ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദറിന് അവസരം ലഭിച്ചു. ഐപിഎല്‍, വിജയ് ഹസാരേ മികവിന്‍റെ അടിസ്ഥാനത്തില്‍ വെങ്കടേഷ് അയ്യരും ഇടംപിടിച്ചു. ടീമില്‍ ആറ് പേസര്‍മാരുണ്ട്. 

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഷാര്‍ദ്ദുല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ, ദീപക് ചാഹര്‍.

ഐപിഎല്ലിലെയും അടുത്തിടെ അവസാനിച്ച വിജയ് ഹസാരേ ഏകദിന ടൂര്‍ണമെന്‍റിലേയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റുതുരാജ് ഗെയ്‌ക്‌വാദിനെ ടീമിലുള്‍പ്പെടുത്തിയത്. ഐപിഎല്‍ 2021ല്‍ 16 ഇന്നിംഗ്‌സുകളില്‍ 45.35 ശരാശരിയിലും 136.26 സ്‌ട്രൈക്ക് റേറ്റിലും 635 റണ്‍സ് താരം അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും കുറിച്ച് ഗെയ്‌ക്‌വാദ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുകയും ചെയ്‌തു. 

വിജയ് ഹസാരേ ട്രോഫിയിലാവട്ടെ വിസ്‌മയ ഫോമിലായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്. അഞ്ച് മത്സരങ്ങളില്‍ നാല് ശതകങ്ങള്‍ നേടിയപ്പോള്‍ 168 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. 

SA vs IND : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; കെ എല്‍ രാഹുല്‍ നയിക്കും, റുതുരാജും വെങ്കടേഷും ടീമില്‍