
മുംബൈ: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ജയിക്കാന്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികവ് മാത്രം മതിയാകില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. രോഹിത്തും കോലിയും ഹാര്‍ദ്ദിക്കുമെല്ലാം വലിയ താരങ്ങളാണ്. പക്ഷെ ടീമിലെ ബാക്കി എട്ടോ ഓമ്പതോ താരങ്ങളും മികവ് കാട്ടിയാല്‍ മാത്രമെ ഇന്ത്യക്ക് ലോകകപ്പ് നേടാനാകൂവെന്നും ഹര്‍ഭജന്‍ ന്യൂസ് 24 സ്പോര്‍ട്സിനോട് പറഞ്ഞു.
വിജയം നേടാന്‍ ചെറിയ കാര്യങ്ങളില്‍ പോലും ഇന്ത്യ ശ്രദ്ധിക്കേണ്ടിവരും. ഉദാഹരണമായി സിംഗിളുകള്‍ തടയുന്ന കാര്യത്തില്‍. ഒരു സിംഗിള്‍ തടയുന്നതോ റണ്ണൗട്ട് സൃഷ്ടിക്കുന്നതോ എല്ലാം മത്സരഫലത്തില്‍ വലിയ സ്വാധീനം ചെലുത്താന്‍ ഇടയുള്ള കാര്യങ്ങളാണ്. ഏത് ഘട്ടത്തിലും ടീം ഒത്തിണക്കത്തോടെ കളിക്കുകയാണ് പ്രധാനം. അങ്ങനെയാണ് ഞങ്ങള്‍ ലോകകപ്പ് നേടിയത്. പ്രതിഭവെച്ചു നോക്കുകയാണെങ്കില്‍ ഞങ്ങളുടെ ടീമിനെക്കാള്‍ മികച്ചവരാണ് ഇപ്പോഴത്തെ ടീമിലുള്ളത്.
ലോകകപ്പ് ജയിക്കാന്‍ കളിക്കാരും ടീം മാനേജ്മെന്‍റും ഒരേ ലക്ഷ്യത്തോടെ പ്രയത്നിക്കണം. 2015ലും 2019ലും ലോകകപ്പില്‍ ഇന്ത്യക്ക് എവിടെയാണ് പിഴച്ചതെന്ന് എനിക്കറിയില്ല. ഒരുപക്ഷെ നിര്‍ണായക ഘട്ടങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ഒന്നോ രണ്ടോ കളിക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും കഴിയാത്തതു കൊണ്ടാകാം. വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കണമെങ്കില്‍ ടീം ഒത്തിണക്കത്തോടെ കളിക്കണമെന്നും ഹര്‍ഭജന്‍ അവര്‍ത്തിച്ചു പറഞ്ഞു. 2015ലും 2019ലും ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യ പുറത്തായിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ സെമി പോലും കാണാതിരുന്ന ഇന്ത്യ 2022ലെ ടി20 ലോകകപ്പിലും സെമിയില്‍ പരാജയപ്പെട്ടു.
ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ 15നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.