Latest Videos

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്; അതും അപൂര്‍വങ്ങളില്‍ അപൂര്‍വം

By Web TeamFirst Published Jun 27, 2022, 9:02 AM IST
Highlights

നായകനായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഹാര്‍ദിക്കിന് ടീമിനെ വിജയത്തില്‍ എത്തിക്കാനും കഴിഞ്ഞു. 12 പന്തില്‍ 24 റണ്‍സെടുത്ത ഹാര്‍ദിക് ബാറ്റിംഗിലും തിളങ്ങി. ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കിയാണ് ഹാര്‍ദിക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്.

ഡബ്ലിന്‍: ടി20 ക്രിക്കറ്റില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഇന്ത്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക് പണ്ഡ്യ (Hardik Pandya). ടി20യില്‍ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡാണ് ഹാര്‍ദിക് അയര്‍ലന്‍ഡിനെതിരെ സ്വന്തമാക്കിയത്. പോള്‍ സ്റ്റെര്‍ലിംഗിനെ ദീപക് ഹൂഡയുടെ (Deepak Hooda) കൈകളില്‍ എത്തിച്ചാണ് ഹാര്‍ദിക് ചരിത്രം കുറിച്ചത്. ഇന്ത്യന്‍ നായകനായി ഹാര്‍ദിക്കിന്റെ ആദ്യ മത്സരംകൂടിയായിരുന്നു ഇത്. ഇന്ത്യയുടെ ഒമ്പതാം ടി20 നായകനാണ് ഹാര്‍ദിക് പണ്ഡ്യ. 

നായകനായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഹാര്‍ദിക്കിന് ടീമിനെ വിജയത്തില്‍ എത്തിക്കാനും കഴിഞ്ഞു. 12 പന്തില്‍ 24 റണ്‍സെടുത്ത ഹാര്‍ദിക് ബാറ്റിംഗിലും തിളങ്ങി. ഐപിഎല്ലിലെ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാക്കളാക്കിയാണ് ഹാര്‍ദിക് ക്യാപ്റ്റന്‍ എന്ന നിലയില്‍ ശ്രദ്ധേയനായത്. അതേസമയം, പരിക്കിന് ശേഷം ടീമിലേക്ക് തിരിച്ചത്തിയ സൂര്യകുമാര്‍ യാദവ് (Suryakumar Yadav) നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ തന്നെ സൂര്യകുമാര്‍ പുറത്തായി. 

ക്രെയ്ഗ് യംഗാണ് സൂര്യകുമാറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. തീരുമാനം സൂര്യകുമാര്‍ റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയറും ഔട്ട് വിളിച്ചതോടെ സൂര്യകുമാര്‍ നിരാശനായി മടങ്ങി. പരിക്കേറ്റ സൂര്യകുമാറിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര നഷ്ടമായിരുന്നു. മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. മഴകാരണം 12 ഓവറാക്കി കുറച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 108 റണ്‍സെടുത്തു. പതിനാറ് പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി.

പുറത്താവാതെ 47 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് ഹൂഡയുടെ ഇന്നിംഗ്‌സ്. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 24) എന്നിവരും തിളങ്ങി. ദിനേശ് കാര്‍ത്തിക് (5) പുറത്താവാതെ നിന്നു. 

നേരത്തെ, 22 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അയര്‍ലന്‍ഡിനെ കരകയറ്റിതയ് ഹാരി ടെക്ടറുടെ അര്‍ധസെഞ്ച്വറിയാണ്. ടെക്ടര്‍ 33 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നു.
 

click me!