
മുംബൈ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്ക് പ്രധാന കാരണം ബൗളിംഗ് യൂണിറ്റിന്റെ പരാജയമാണെന്ന് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. പവര്‍പ്ലേയില്‍ വിചാരിച്ച രീതിയില്‍ പന്തെറിയാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ലെന്നും ഉത്തരവാദിത്തം ബൗളിംഗ് ഗ്രൂപ്പ് ഏറ്റെടുക്കണമെന്നും ഹാര്‍ദിക് പറഞ്ഞു. രാജസ്ഥാനെതിരെ 27 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. മഴയെ തുടര്‍ന്ന് 11 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍, മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനാണ് സാധിച്ചത്.
മത്സരത്തില്‍ 14 പന്തില്‍ 39 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയെ വാഴ്ത്താന്‍ ഹാര്‍ദിക് മറന്നില്ല. ''16-17 വയസുള്ള ഒരു പയ്യന്‍ ഇത്രയും ആത്മവിശ്വാസത്തോടെ കളിക്കുന്നത് കാണുന്നത് അത്ഭുതകരമാണ്. മത്സരത്തിന് മുന്‍പ് തന്നെ ഞങ്ങള്‍ അവനെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. അവന്റെ ഷോട്ടുകളും ഭയമില്ലാത്ത രീതിയിലുള്ള ബാറ്റിംഗും മികച്ചതാണ്. വൈഭവിന്റെ ഭാവി ശുഭകരമാകട്ടെ എന്ന് ആശംസിക്കുന്നു.'' ഹാര്‍ദിക് വ്യക്തമാക്കി.
മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗിനെ കുറിച്ചും ഹാര്‍ദിക് സംസാരിക്കുന്നുണ്ട്... ''പവര്‍പ്ലേയില്‍ കൃത്യമായ ലെങ്തില്‍ പന്തെറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ബൗളിംഗ് യൂണിറ്റിനാണ്. എതിര്‍ ടീം മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. ടി20 ക്രിക്കറ്റില്‍ ചില പ്രധാന പന്തുകള്‍ കൃത്യമായി എറിയുക എന്നത് നിര്‍ണ്ണായകമാണ്. 27 റണ്‍സിനാണ് ഞങ്ങള്‍ തോറ്റത്. അഞ്ച് പന്തുകള്‍ കൂടി കൃത്യമായി എറിഞ്ഞിരുന്നെങ്കില്‍ അഞ്ച് സിക്‌സറുകള്‍ ഒഴിവാക്കാമായിരുന്നു. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ കളിയില്‍ തിരിച്ചെത്തുമായിരുന്നു.'' ഹാര്‍ദിക് പറഞ്ഞു.
ബാറ്റിംഗിനെ കുറിച്ച്... ''തോല്‍വിക്ക് കാരണം ബാറ്റിംഗ് നിരയാണെന്ന് താന്‍ കരുതുന്നില്ലെന്നും ബൗളര്‍മാര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാത്തതാണ് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി. തുടക്കം മുതല്‍ തന്നെ എതിര്‍ ടീം ഓപ്പണര്‍മാര്‍ ആധിപത്യം സ്ഥാപിച്ചത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി.'' ഹാര്‍ദിക് കൂട്ടിചേര്‍ത്തു.
ആര്‍സിബിക്കെതിരെ അടുത്ത മത്സരത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണ് ഹാര്‍ദിക് പങ്കുവെച്ചത്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അടുത്ത മത്സരത്തിനായി മികച്ച രീതിയില്‍ തയ്യാറെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!