
മുംബൈ: കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിന്റെ ജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ മുംബൈ 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
മത്സരത്തില്‍ മുംബൈയുടെ ബൗളിംഗ് പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. താരത്തിന്റെ വാക്കുകള്‍... ''കൃത്യമായ പദ്ധതികളോടെയാണ് ഞങ്ങള്‍ പന്തെറിഞ്ഞത്. അടിസ്ഥാന പദ്ധതികളില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. അതില്‍ ഉറച്ചുനില്‍ക്കുകയും അവരെ നല്ല ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ബൗളര്‍മാരുടെ മികവ് എടുത്തുപറയേണ്ടതുണ്ട്. ആദ്യ കാഴ്ച്ചയില്‍ മികച്ച വിക്കറ്റ് പോലെ തോന്നി. എന്നാല്‍ ഒരര്‍ത്ഥത്തില്‍ ഞങ്ങള്‍ അവരെ പിഴുതെറിയുകയായിരുന്നു. ദീപക് ചാഹര്‍ ഓവറുകളില്‍ തന്നെ പിച്ചിന്റെ സ്വഭാവം മനസിലായി. പേസില്‍ വ്യതിയാനം കൊണ്ടുവരുന്നത് ഉപയോഗപ്രദമാകുമെന്ന് മനസിലായി. പിന്നീട് സ്ലോവറുകളും മറ്റും ഇടകലര്‍ത്തി എറിയാന്‍ തുടങ്ങി.'' അതുതന്നെയാണ് ഹൈദരാബാദിനെ തളര്‍ത്തിയത്.
വില്‍ ജാക്‌സിനെ കുറിച്ചും ഹാര്‍ദിക് സംസാരിച്ചു. ''അദ്ദേഹത്തിന് മൂന്ന് വശങ്ങളുണ്ട്. ഗംഭീര ഫീല്‍ഡറാണ്. നിര്‍ണായക ഓവറുകള്‍ എറിയാന്‍ കഴിയും. ബാറ്റിംഗില്‍ അക്രമിച്ച് കളിക്കാനും ജാക്‌സിന് സാധിക്കും. അതുകൊണ്ടാണ് അദ്ദേഹം ടീമിന്റെ ഭാഗമാകുന്നത്.'' ഹാര്‍ദിക് കൂട്ടിചേര്‍ത്തു.
പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണിപ്പോള്‍ മുംബൈ. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് മൂന്ന് ജയമായി. നാല് തോല്‍വിയും. ആറ് പോയിന്റാണ് അക്കൗണ്ടിലുള്ളത്. ഒമ്പതാം സ്ഥാനത്താണ് നിലവിലെ റണ്ണേഴ്‌സ് അപ്പായ ഹൈദരാബാദ്. ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള അവര്‍ക്ക് നാല് പോയിന്റാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!