സ്ത്രീവിരുദ്ധ പരാമര്‍ശം; പാതി പിഴയടച്ച് തടിയൂരാന്‍ പാണ്ഡ്യയുടെ ശ്രമം

By Web TeamFirst Published May 3, 2019, 10:04 AM IST
Highlights

കൊല്ലപ്പെട്ട സൈനികരുടെ വിധവമാര്‍ക്ക് നൽകാന്‍ നിര്‍ദേശിച്ച 10 ലക്ഷം രൂപ നൽകാനായിട്ടില്ലെന്ന് ഹാര്‍ദിക്.

മുംബൈ: സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് വിധിച്ച പിഴശിക്ഷയുടെ പകുതി മാത്രം അടച്ച് ഹാര്‍ദിക് പാണ്ഡ്യ. ബിസിസിഐ ഓംബുഡ്‌സ്‌മാന്‍ വിധിച്ച 20 ലക്ഷം രൂപ പിഴയിൽ 10 ലക്ഷം രൂപയാണ് ഹാര്‍ദിക് അടച്ചത്. ഓംബുഡ്സ്മാന്‍റെ നിര്‍ദ്ദേശപ്രകാരം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍റെ അക്കൗണ്ടിൽ 10 ലക്ഷം രൂപ അടച്ചതായി ഹാര്‍ദിക് പാണ്ഡ്യ അറിയിച്ചു. 

എന്നാല്‍ കൊല്ലപ്പെട്ട സൈനികരുടെ വിധവമാര്‍ക്ക് നൽകാന്‍ നിര്‍ദേശിച്ച 10 ലക്ഷം രൂപ നൽകാനായിട്ടില്ലെന്നും ഹാര്‍ദിക് പറഞ്ഞു. അര്‍ഹരായ ആളുകളെ എങ്ങനെയാണ് കണ്ടെത്തേണ്ടതെന്ന് അറിയില്ലെന്ന് ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. അതേസമയം ഹാര്‍ദിക്കിനൊപ്പം ശിക്ഷ ലഭിച്ച കെ എൽ രാഹുല്‍ പിഴയടച്ചോ എന്ന് വ്യക്തമല്ല.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഹാര്‍ദികും രാഹുലും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദികിന്‍റെ വെളിപ്പെടുത്തല്‍. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.  

പരിപാടിയില്‍ ഹാര്‍ദിക്കിനൊപ്പം പങ്കെടുത്ത കെ എല്‍ രാഹുലും ലൈംഗിക ജീവിതത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തി. തന്‍റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് താരങ്ങള്‍ക്ക് വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നേരിടേണ്ടി വന്നത്.  പിന്നാലെ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ഓംബുഡ്‌സ്‌മാന്‍ താരങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. 

click me!