ഹാര്‍ദ്ദിക് മിന്നി: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 199 റണ്‍സ് വിജയലക്ഷ്യം

Published : Jul 08, 2022, 12:18 AM IST
ഹാര്‍ദ്ദിക് മിന്നി: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 199 റണ്‍സ് വിജയലക്ഷ്യം

Synopsis

ഹൂഡക്ക് പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. പാര്‍ക്കിന്‍സണ്‍ എറിഞ്ഞ പത്താം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഇന്ത്യയെ 100 കടത്തിയ പാണ്ഡ്യ ടൈമല്‍ മില്‍സിനെ സിക്സിന് പറത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയുടെ റണ്‍റേറ്റ് താഴാതെ കാത്തു.

സതാംപ്ടണ്‍: ടി20  പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും ദീപക് ഹൂഡയുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. 33 പന്തില്‍ 51 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ 39 റണ്‍സടിച്ചപ്പോള്‍ ദീപക് ഹൂഡ 17 പന്തില്‍ 33 റണ്‍സടിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാനും മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

തകര്‍ത്തടിച്ച് തുടക്കം, പിന്നെ ഹിറ്റ്മാന്‍റെ മടക്കം

ടോസിലെ ഭാഗ്യം ബാറ്റിംഗിലും തുടക്കത്തില്‍ ഇന്ത്യ പുറത്തെടുത്തു. കൊവിഡ് മുക്തനായി തിരിച്ചെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു തുടക്കത്തില്‍ ഇന്ത്യന്‍ ആക്രമണം നയിച്ചത്. സാം കറന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒമ്പത് റണ്‍സടിച്ച് തുടങ്ങിയ രോഹിത് ടോപ്‌ലിയുടെ രണ്ടാം ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം 11 റണ്‍സടിച്ച് ടോപ് ഗിയറിലായി. മൊയീന്‍ അലി എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയ രോഹിത്തിനെ ഓവറിലെ അവസാന പന്തില്‍ പുറത്താക്കി അലി തിരിച്ചടിച്ചു. 14 പന്തില്‍ 24 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം. വണ്‍ഡൗണായി ക്രീസിലെത്തിയ ദീപക് ഹൂഡ തുടക്കം മുതല്‍ അടിച്ചുതകര്‍ത്തെങ്കിലും മറുവശത്ത് തുടക്കം മുതല്‍ താളം കണ്ടെത്താന്‍ പാടുപെട്ട ഇഷാന്‍ കിഷനെ(8) മൊയീന്‍ അലി മടക്കി.

മിന്നല്‍ ഹൂഡ

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും അടി തുടര്‍ന്ന ഹൂഡയും കിഷനു പകരമെത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയെ പവര്‍ പ്ലേയില്‍ 66 റണ്‍സിലെത്തിച്ചു. തകര്‍ത്തടിച്ച ഹൂഡ ടീം സ്കോര്‍ 100 കടക്കും മുമ്പ് മടങ്ങി. 17 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും പറത്തിയ ഹൂഡ 33 റണ്‍സടിച്ചു. ക്രിസ് ജോര്‍ദ്ദാനായിരുന്നു വിക്കറ്റ്.

പാണ്ഡ്യ പവര്‍

ഹൂഡക്ക് പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല. പാര്‍ക്കിന്‍സണ്‍ എറിഞ്ഞ പത്താം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് ഇന്ത്യയെ 100 കടത്തിയ പാണ്ഡ്യ ടൈമല്‍ മില്‍സിനെ സിക്സിന് പറത്തിയ സൂര്യകുമാറും ചേര്‍ന്ന് ഇന്ത്യയുടെ റണ്‍റേറ്റ് താഴാതെ കാത്തു. പന്ത്രണ്ടാം ഓവറില്‍ ബൗണ്‍സറില്‍ സൂര്യകുമാറിനെ(19 പന്തില്‍ 39) വീഴ്ത്തി ക്രിസ് ജോര്‍ദ്ദാന്‍ ഇന്ത്യക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചെങ്കിലും ലിയാം ലിവിഗ്സ്റ്റണിന്‍റെ ഒരോവറില്‍ മൂന്ന് ബൗണ്ടറി അടക്കം 15 റണ്‍സടിച്ച പാണ്ഡ്യയും അക്സറും ചേര്‍ന്ന് 14-ാം ഓവറില്‍ ഇന്ത്യയെ 150 കടത്തി. 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയതിന് പിന്നാലെ ടോപ്‌ലി പാണ്ഡ്യയെ(51) മടങ്ങി.

ആളിക്കത്താതെ അവസാനം

ലിയാം ലിവിംഗ്സ്റ്റണിന്‍റെ പന്തില്‍ പാണ്ഡ്യയെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച അവസരം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ നഷ്ടമാക്കിയത് ഇന്ത്യക്ക് അനുഗ്രഹമായി. എന്നാല്‍ പതിനാലാം ഓവറില്‍ 150 റണ്‍സിലെത്തിയ ഇന്ത്യക്ക് അവസാന ആറോവറില്‍ 48 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. പത്തൊമ്പതാം ഓവറില്‍ ഹാര്‍ദ്ദിക് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സ് മാത്രമെ നേടാനായുള്ളു.

ടൈമല്‍ മില്‍സ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ ദിനേശ് കാര്‍ത്തിക്കിനെ മൂന്നാം പന്തില്‍ മില്‍സ് മടക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി. അടുത്ത പന്തില്‍ ഹര്‍ഷല്‍ പട്ടേല്‍ റണ്ണൗട്ടായി. അവസാന മൂന്നോവറില്‍ 20 റണ്‍സ് മാത്രം നേടിയ ഇന്ത്യക്ക് 200 കടക്കാനായില്ല. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദ്ദാന്‍ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി രണ്ടോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനായി രോഹിത് മടങ്ങിയെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഐപിഎല്ലില്‍ തിളങ്ങിയ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിംഗ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി