
ബറോഡ: കാത്തിരിപ്പിനൊടുവില്‍ ഓൾ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡക്കായി കളിച്ചുകൊണ്ടായിരിക്കും ഹാര്‍ദ്ദിക് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുക. നിലവില്‍ ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സിലുള്ള ഹാര്‍ദ്ദിദ് മത്സരക്ഷമത നേടിക്കഴിഞ്ഞുവെന്നാണ് കരുതുന്നത്.
ഈ മാസം 26നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബറോഡ, ഹൈദരാബാദിനെയാണ് നേരിടുന്നത്. ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക്കിന് കളിക്കാനായില്ലെങ്കില്‍ രണ്ടാം മത്സരത്തിലെങ്കിലും പാണ്ഡ്യക്ക് കളിക്കാനായേക്കുമെന്നാണ് കരുതുന്നത്. 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തണമെങ്കില്‍ അതിന് മുമ്പ് മത്സരക്ഷമത തെളിയിക്കേണ്ടതുണ്ട്.
അതിനാലാണ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു മത്സരമെങ്കിലും കളിക്കാന്‍ ശ്രമിക്കുന്നത്. ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ തുടയില്‍ പരിക്കേറ്റ ഹാര്‍ദ്ദിക്കിന് പിന്നീട് പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഫൈനലും ഓസ്ട്രേലിയക്കെതിരായ ഏകദിന,ടി20 പരമ്പരകളും നഷ്ടമായിരുന്നു. ഹാര്‍ദ്ദിക്കിന് പകരം ശിവം ദുബെയാണ് പിന്നീട് ഇന്ത്യക്കായി പേസ് ഓള്‍ റൗണ്ടറുടെ റോള്‍ നിര്‍വഹിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാനായില്ലെങ്കില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെങ്കിലും ഹാര്‍ദ്ദിക്കിനെ കളിപ്പിക്കാനാവും ഇന്ത്യൻ ടീം ശ്രമിക്കുക. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ടി20 ലോകകപ്പിന് ഇനി മൂന്ന് മാസമെ ബാക്കിയുള്ളതിനാല്‍ ഹാര്‍ദ്ദിക്കിന്‍റ തിരിച്ചുവരവ് ഇന്ത്യക്ക് നിര്‍ണായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക