
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രം ബാറ്റിംഗില്‍ തിളങ്ങിയ മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു. 41 പന്തില്‍ 40 റണ്‍സെടുത്ത ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
ടോസിലെ ഭാഗ്യം ഇന്ത്യയെ ബാറ്റിംഗില്‍ തുണച്ചില്ല. സ്പിന്‍ പിച്ചില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ(1) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായ ഇന്ത്യക്ക് നാലാം ഓവറില്‍ ഷഫാലി വര്‍മയെയും(11) നഷ്ടമായി. ഇതോടെ 20-2ലേക്ക് വീണ ഇന്ത്യ വീണ്ടുമൊരു ബാറ്റിംഗ് തകര്‍ച്ചയിലേക്കെന്ന് തോന്നിച്ചെങ്കിലും ജെമീമ റോഡ്രിഗസിനൊപ്പം(26 പന്തില്‍ 28) 45 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഹര്‍മന്‍ ഇന്ത്യയെ 50 കടത്തി.
ജെമീമയെ ഷൊര്‍ണ അക്തര്‍ പുറത്താക്കിയശേഷം ക്രീസിലിെത്തിയ യാസ്തിക ഭാട്ടിയ(12) ഹര്‍മനൊപ്പം പിടിച്ചു നിന്നെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന ഇന്ത്യന്‍ പദ്ധതി പാളി. പതിനേഴാം ഓവറില്‍ ഹര്‍മനും(40) തൊട്ടടുത്ത ഓവറില്‍ യാസ്തിക ഭാട്ടിയയും പുറത്തായതോടെ ഇന്ത്യന്‍ സ്കോര്‍ റണ്‍സിലൊതുങ്ങി. പതിനാറാം ഓവറില്‍ 90 റണ്‍സിലെത്തിയ ഇന്ത്യക്ക് അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്ടമാക്കി നേടാനായത് 12 റണ്‍സ് മാത്രമാണ്.
വിക്കറ്റിന് പിന്നില്‍ വായടക്കാതെ ഇഷാന്‍ കിഷന്‍, വിരാട് കോലിക്കും ഉപദേശം-വീഡിയോ
പത്തൊമ്പതാം ഓവറില്‍ ക്രീസിലെത്തിയ മിന്നുമണി രണ്ട് പന്തില്‍ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറില്‍ പുറത്തായി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മലയാളി താരം മിന്നുമണിക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടി. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയ മിന്നുമണി രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റും നാലു റണ്‍സും നേടിയിരുന്നു.