
മുംബൈ: ഈ വർഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത് ഹർഷ ഭോഗ്‍ലേ. മലയാളിതാരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയാണ് ഹർഷ പട്ടിക തയ്യാറാക്കിയത്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‍ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, പ്രസീദ്ധ് കൃഷ്ണ എന്നിവരാണ് ഹർഷ ഭോഗ്‍ലെയുടെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.
രജത് പാടീദാർ, ഉമ്രാൻ മാലിക് എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പിനുള്ള മുന്നൊരുക്കം ബിസിസിഐ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ടി20 ലോകകപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഏകദിന ലോകകപ്പിനുള്ള ഇരുപതംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു.
പുതുവര്‍ഷത്തില്‍ പുതിയ മുഖവുമായി ടീം ഇന്ത്യ, ശ്രീലങ്കക്കെതിരെ ആദ്യ ടി20 ഇന്ന്
ലോകകപ്പ് സാധ്യതാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന താരങ്ങളുടെ ജോലിഭാരം, മത്സരലഭ്യത, ഫിറ്റ്‌നെസ് തുടങ്ങിയ കാര്യങ്ങളിൽ കർശന നിയന്ത്രണം ഏര്‍പ്പെടുത്താനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. വിവിഎസ് ലക്ഷ്മണിന്‍റെ നേതൃത്വത്തിലുള്ള ദേശീയ ക്രിക്കറ്റ് അക്കാദമിക്കായിരിക്കും താരങ്ങളുടെ മേൽനോട്ട ചുമതല. സമീപകാലത്ത് ഐസിസി ടൂർണമെന്‍റുകളിൽ നേരിടുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തിലായിരുന്നു ബിസിസിഐയുടെ തിരുമാനം.
പരിക്കേറ്റ് പ്രമുഖ താരങ്ങളുടെ അഭാവം ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലെടുക്കാനും ബിസിസിഐ നിര്‍ദേശം നല്‍കിയിരുന്നു. ലോകകപ്പ് ടീമിലെത്താന്‍ സാധ്യതയുള്ള 20 കളിക്കാരെ ബിസിസിഐ കണ്ടെത്തിയിരുന്നെങ്കിലും എന്നാല്‍ ഇവരാരൊക്കെയാണെന്ന് ബിസിസിഐ പരസ്യപ്പെടുത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് 21 അംഗ ലോകകപ്പ് സാധ്യതാ ടീമിനെ ഹർഷ ഭോഗ്‍ലേ തെരഞ്ഞെടുത്തത്. ബിസിസിഐ തയ്യാറാക്കിയ ഔദ്യോഗിക പട്ടിക ഉടൻ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.