എന്ത് വേണമെങ്കിലും തരാം, അങ്ങനെ ചെയ്യരുത്; അന്ന് ധോണി എന്നോട് അപേക്ഷിച്ചു; വെളിപ്പെടുത്തലുമായി ഹെയ്ഡന്‍

By Web TeamFirst Published May 11, 2020, 11:11 AM IST
Highlights

ഈ ബാറ്റിനെ കുറിച്ചുള്ള രസകരമായ ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഹെയ്ഡന്‍. ബാറ്റ് ആദ്യം കാണുമ്പോള്‍ അതുപയോഗിക്കരുതെന്ന് സിഎസ്‌കെ ക്യാപ്റ്റനായിരുന്ന ധോണി പറഞ്ഞിരുന്നതായി ഹെയ്ഡന്‍ വ്യക്തമാക്കി.

സിഡ്‌നി: 2010 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മാത്യു ഹെയ്ഡന്‍ പുറത്തെടുത്ത പ്രകടനം ആരാധകര്‍ മറക്കാനിടയില്ല. ആ സീസണില്‍ 2010 സീസണില്‍ 346 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്ത്. ആ പ്രകടനത്തിന് പിന്നില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ബാറ്റിനും പങ്കുണ്ടായിരുന്നു. ക്രിക്കറ്റില്‍ അന്നുവരെ കാണാതിരുന്ന മങ്കൂസ് ബാറ്റാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഉപയോഗിച്ചിരുന്നത്. മറ്റുബാറ്റുകളെ അപേക്ഷിച്ച് പിടിയുടെ നീളം കൂടുതലാണ് മങ്കൂസിന്.

ഈ ബാറ്റിനെ കുറിച്ചുള്ള രസകരമായ ഒരു കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ഹെയ്ഡന്‍. ബാറ്റ് ആദ്യം കാണുമ്പോള്‍ അതുപയോഗിക്കരുതെന്ന് സിഎസ്‌കെ ക്യാപ്റ്റനായിരുന്ന ധോണി പറഞ്ഞിരുന്നതായി ഹെയ്ഡന്‍ വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. ഹെയ്ഡന്‍ തുടര്‍ന്നു...''മങ്കൂസ് ബാറ്റ് ഉപയോഗിക്കുന്നതിനോട് ധോണിക്ക് വിയോജിപ്പായിരുന്നു. ധോണി ഇക്കാര്യം തുറന്നുപറഞ്ഞിരുന്നു. ഇതിന് പകരമായി എന്തുവേണമെങ്കിലും നല്‍കാമെന്ന് ധോണി എന്നോട് പറഞ്ഞു. എന്നാല്‍ മങ്കൂസ് എന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് ഞാന്‍ ധോണിക്ക് ഉറപ്പുകൊടുത്തിരുന്നു.

ഒന്നരവര്‍ഷത്തിലേറെ മങ്കൂസ് ബാറ്റില്‍ പരിശീലനം നടത്തിയ ശേഷമാണ് ഐപിഎല്ലില്‍ ഉപയോഗിച്ചത്. സാധാരണ ബാറ്റിന് അപേക്ഷിച്ച് മങ്കൂസ് ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊണ്ടാല്‍ 20 മീറ്റര്‍ കൂടുതല്‍ ധൂരത്തേക്ക് പന്ത് പോകും.'' ഹെയ്ഡന്‍ പറഞ്ഞുനിര്‍ത്തി. മങ്കൂസ് ബാറ്റുപയോഗിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ 43 പന്തില്‍ 93 റണ്‍സ് ഹെയ്ഡന്‍ നേടിയിട്ടുണ്ട്.

32 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച ഹെയ്ഡന്റെ സമ്പാദ്യം 36.9 ശരാശരിയില്‍ 1107 റണ്‍സാണ്. എട്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം അവതാരകനായും കമന്റെറ്ററായും ഹെയ്ഡന്‍ ഇപ്പോഴും സജീവമാണ്.

click me!